81 മണിക്കൂര്‍ 16 മിനുട്ട് തുടര്‍ച്ചയായി ക്ലാസെടുത്ത് വത്സരാജ് ഗിന്നസില്‍
ഫറോക്ക്: തുടര്‍ച്ചയായി കൂടുതല്‍ മണിക്കൂര്‍ നിര്‍ത്താതെ മോട്ടിവേഷന്‍ ക്ലാസെടുത്ത് വത്സരാജ് ഫറോക്ക് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി. നിലവിലെ റെക്കോര്‍ഡായ 77 മണിക്കൂര്‍ ഇന്നലെ 10 മണിയോടെ മറികടന്നാണ് വത്സരാജ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത്. 81 മണിക്കൂറും 16 മിനുട്ടും കഴിഞ്ഞതിനു ശേഷമാണ് ഇദ്ദേഹം മാരത്തണ്‍ ക്ലാസ് അവസാനിപ്പിച്ചത്.
ഫറോക്ക് നഗരസഭ ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ ഒന്നിനു പുലര്‍ച്ചെ അഞ്ചിനാണ് മാരത്തണ്‍ മോട്ടിവേഷന്‍ ക്ലാസിനു തുടക്കമായത്. ഇന്നലെ ഉച്ചയ്ക്ക് 2.10ന് ക്ലാസ് അവസാനി പ്പിച്ചു. ശാരീരികമായി അവശനായതിനാല്‍ കൂടുതല്‍ മുന്നോട്ടുപോകുന്നത് അപകടമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലാസ് നിര്‍ത്തിയത്. ശേഷം ഫറോക്ക് കല്ലംപാറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഗിന്നസ് റെക്കോര്‍ഡ് പ്രകടനം കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഇന്നലെ നഗരസഭാ ഹാളിലേക്ക് ഒഴുകിയെത്തിയത്. ഫറോക്കിലെയും സമീപപ്രദേശങ്ങളിലെയും ജനപ്രതിനിധികളും വത്സരാജിനു പ്രചോദനവുമായി ചടങ്ങിലെത്തി. ഫറോക്ക് ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടര്‍മാരായ വി.പി മുരളി, വിമല്‍രാജ് എന്നിവരാണ് ക്ലാസിനിടയില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചത്.
ഓരോമണിക്കൂറിലും അഞ്ചു മിനുട്ട് ബ്രേക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തുടര്‍ച്ചയായി 15 മണിക്കൂര്‍ ക്ലാസെടുത്തതിനു ശേഷമാണ് ആദ്യ ബ്രേക്ക് എടുക്കുന്നത്. പുലര്‍ച്ചെ അഞ്ചിന് തുടങ്ങി രാത്രി എട്ടു മണിക്കാണ് ബ്രേക്കിനായി ക്ലാസ് നിര്‍ത്തുന്നത്. ഇതോടെ ബ്രേക്കില്ലാതെ 15 മണിക്കൂര്‍ ക്ലാസെടുത്ത ആദ്യവ്യക്തി എന്ന റെക്കോര്‍ഡും വത്സരാജ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. 13 മണിക്കൂറാണ് നിലവിലെ റെക്കോര്‍ഡ്.
കഴിഞ്ഞദിവസം ശാരീരികമായി തളര്‍ച്ച അനുഭവപ്പെട്ടിരുന്നെങ്കിലും അവസാന മണിക്കൂറുകളില്‍ കൂടുതല്‍ ഊര്‍ജസ്വലനായിട്ടാണ് വത്സരാജ് ക്ലാസ് മുന്നോട്ടു കൊണ്ടുപോയത്. വ്യക്തി ജീവിതം, വിദ്യാഭ്യാസം, ലഹരിവിമുക്തം, മാലിന്യ നിര്‍മാര്‍ജനം എന്നീ വിഷയങ്ങളെ അധികരിച്ചു ക്ലാസെടുക്കാനായിരുന്നു തീരുമാനം. മണിക്കൂറുകള്‍ പിന്നിട്ടതോടെ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്ന വിഷയത്തെ കുറിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സംസാരിച്ചു തുടങ്ങി. വിദ്യാര്‍ഥികളും മുതിര്‍ന്നവരും സ്ത്രീകളുമടക്കം പിന്തുണയുമായെത്തി.
ഗിന്നസ് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് ക്ലാസ് സംഘടിപ്പിച്ചത്. മോട്ടിവേഷന്‍ ക്ലാസ് രണ്ട് മൂവി കാമറകളുപയോഗിച്ചാണ് റെക്കോര്‍ഡ് ചെയ്തത്. ഇതു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സൈറ്റിലേക്ക് അംഗീകാരത്തിനായി അപ്‌ലോഡ് ചെയ്യും. 81. 16 മണിക്കൂര്‍ ക്ലാസെടുത്ത വത്സരാജിനു ആശംസയര്‍പ്പിച്ച് ഫറോക്ക് നഗരസഭാ ചെയര്‍ പേഴ്‌സന്‍ പി. റുബീന, വൈസ് ചെയര്‍മാന്‍ വി. മുഹമ്മദ് ഹസ്സന്‍, സ്ഥിരംസമിതി അധ്യക്ഷരായ പി. ബല്‍ക്കിസ്, ടി. നുസ്‌റത്ത്, പി. ആസിഫ്, കൗണ്‍സിലര്‍മാരായ കെ.ടി മജീദ്. പി. ബിജു, തിയ്യത്ത് ഉണ്ണികൃഷ്ണന്‍, പി.കെ അബ്ദുല്‍ സലാം, സംഘാടകസമിതി ചെയര്‍മാന്‍ എന്‍ജിനീയര്‍ പി. വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."