ഐ.എസ്.എല്ലില്‍ കേരളത്തിനായി ജേഴ്‌സി അണിയണം: മിഥുന്‍
കണ്ണൂര്‍: ഐ.എസ്.എല്ലില്‍ എത്തിയാല്‍ കളിക്കാന്‍ ഏറ്റവും താല്‍പര്യം കേരള ബ്ലാസ്റ്റേഴ്‌സിലാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീം ഗോളി മിഥുന്‍ മുരളി. കണ്ണൂരില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മിഥുന്‍. കളിക്കാര്‍ക്ക് മികച്ച പരിശീലനം നേടാനുതകുന്ന വിധത്തിലുള്ള സാഹചര്യം സംസ്ഥാനത്തുണ്ടായാല്‍ നാടിന്റെ അഭിമാനമുയര്‍ത്തുന്ന വിധത്തില്‍ കളിക്കാര്‍ക്ക് ഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുവന്‍ സാധിക്കുമെന്നും മിഥുന്‍ പറഞ്ഞു. ജന്‍മനാടായ കണ്ണൂരിലും നല്ലൊരു ഗ്രൗണ്ടില്ല.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബൂട്ടണിയുന്നത്. മുഴപ്പിലങ്ങാട് കൂര്‍മ്പ ബ്രദേഴ്‌സ് ടീമിലൂടെ തുടങ്ങി കണ്ണൂര്‍ എസ്.എന്‍ കോളജ്, കാലിക്കറ്റ് സര്‍വകലാശാല, ഈഗിള്‍സ് എഫ്.സി എറണാകുളം തുടങ്ങിയ ടീമുകള്‍ക്കു വേണ്ടിയും ബൂട്ടണിഞ്ഞു. 2014ല്‍ എസ്.ബി.ടി തിരുവനന്തപുരം ശാഖയില്‍ ജോലി ലഭിച്ചു. കോലാപ്പുര്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും ഓള്‍ ഇന്ത്യ പബ്ലിക് സെക്ടര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും എസ്.ബി.ടിയെ റണ്ണര്‍അപ് ആക്കുന്നതില്‍ പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മിഥുന്‍ പറഞ്ഞു. എസ്.എന്‍ കോളജില്‍ ചേര്‍ന്നപ്പോള്‍ അവിടെ ഇന്റര്‍ കോളജ് മത്സരത്തില്‍ ബെസ്റ്റ് കീപ്പറായിരുന്നു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് വേണ്ടിയും രണ്ട് കൊല്ലം കളിച്ചതായി മിഥുന്‍ പറഞ്ഞു.
കേരള പൊലിസ് ഫുട്‌ബോള്‍ ടീമിലെ മുന്‍ ഗോള്‍കീപ്പര്‍ കൂടിയാണ് മിഥുന്റെ പിതാവ് വി. മുരളി. കാല്‍പന്തുകളിയില്‍ അച്ഛന്‍ തന്നെയാണ് ഗുരുവെന്നും മിഥുന്‍ പറഞ്ഞു. കോളജില്‍ പഠിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലാ സീനിയര്‍ ഡിവിഷന്‍ ടൂര്‍ണമെന്റില്‍ അച്ഛനുള്‍പ്പെടുന്ന പൊലിസ് ടീമിനെതിരായി കളിച്ച് വിജയിച്ചിട്ടുണ്ടെന്നും മിഥുന്‍ ഓര്‍ത്തെടുത്തു. കാല്‍പന്തുകളിയില്‍ അടിത്തറ പാകിയത് എടക്കാട് എവര്‍ഗ്രീനും സ്‌പോട്ടിങ്ങ് ക്ലബിലെ പരിശീലകന്‍ രഘുവേട്ടനായിരുന്നു. കേരളം സന്തോഷ്‌ട്രോഫി നേടിയപ്പോള്‍ ടീമിനേക്കാള്‍ യഥാര്‍ഥ വിജയം നേടിയത് ടീമിന്റെ പരിശീലകനാണ്. ബംഗാളിന്റെ മണ്ണില്‍ പോയി അവരെ കീഴടക്കി വിജയം നേടാനായതില്‍ അഭിമാനമുണ്ട്. ഫൈനലിലേക്കാള്‍ മിസോറാമിനുമൊത്തുള്ള കളിയിലാണ് തനിക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചത്. ജീവിതത്തിലൊരിക്കലും ആ കളി മറക്കാന്‍ സാധിക്കില്ലെന്നും മിഥുന്‍ പറഞ്ഞു. ഇളയ സഹോദരന്‍ ഷിനോയ് ദേശീയ അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ മൂന്നാം സ്ഥാനക്കാരായ കണ്ണൂര്‍ സര്‍വകലാശാല ടീം അംഗമാണ്. ഇപ്പോള്‍ തമിഴ്‌നാട് സീനിയര്‍ ഡിവിഷന്‍ ലീഗില്‍ സതേണ്‍ റെയില്‍വേക്കു വേണ്ടി അതിഥി താരമായി കളിക്കാന്‍ തമിഴ്‌നാട്ടിലാണ്. മീറ്റ് ദ പ്രസില്‍ പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് അധ്യക്ഷനായി. പ്രസ്‌ക്ലബിന്റെ സ്‌നേഹോപഹാരം കൈമാറി. ട്രഷറര്‍ സിജി ഉലഹന്നാന്‍, വൈസ് പ്രസിഡന്റ് സുപ്രിയ സുധാകര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."