നാനൂറു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ്: ജില്ലാ സഹകരണ ബാങ്കില്‍ നടന്നത് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍
തൃശൂര്‍: മുന്‍ ഭരണ സമിതിയുടെ കാലയളവില്‍ ജില്ലാ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ജനറല്‍ മാനേജര്‍ ഡോ. എം രാമനുണ്ണി. 10 കോടി രൂപക്ക് മുകളില്‍ വായ്പയെടുത്ത എഴുപതോളം കമ്പനികള്‍ വായ്പ തിരിച്ചടക്കാനുണ്ട്. ഇവര്‍ വായ്പ തിരിച്ചടക്കാന്‍ മടിക്കുന്നതിനാല്‍ ബാങ്കിന് കുടിശ്ശിക ഇനത്തില്‍ 423 കോടി രൂപയുണ്ട്. ഭൂരിഭാഗവും വലിയ തുക വായ്പയെടുത്ത കമ്പനികളുടെതാണ്. തൃശൂരിലെ ചില ബില്‍ഡേഴ്‌സിന് ഉള്‍പ്പടെ ചട്ടം ലംഘിച്ച് കൊടുത്ത വായ്പകളും ഇതിലുള്‍പ്പെടും. താല്‍ക്കാലികമായി കമ്പനികള്‍ രൂപീകരിച്ചും പണം തട്ടിയിട്ടുണ്ട്. കുടിശ്ശിക വരുത്തിയവര്‍ക്കു തന്നെ വീണ്ടും വീണ്ടും വായ്പ നല്‍കുന്ന പ്രവണതയുമുണ്ടായി. കൃത്യമായ രേഖകളില്ലാതെ വായ്പയെടുത്ത കേസുകളുണ്ട്. ഒരു ഭൂമിയുടെ രേഖ ഈട് വച്ച് മൂന്നിലധികം വായ്പയെടുത്തതും എന്ത് ഉദ്ദേശത്തിന് എടുത്തതെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വായ്പകളും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായി വായ്പ തിരിച്ചടവിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയപ്പോഴാണ് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടത്.
പ്രാഥമിക പരിശോധനയില്‍ തന്നെ കോടികളുടെ തട്ടിപ്പ് നടന്നതായി മനസ്സിലാക്കാനായിട്ടുണ്ട്. ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണവും കര്‍ശനമായ നടപടിയും ഉണ്ടാവുമെന്ന് രാമനുണ്ണി പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ വിജിലന്‍സിന്റെ സഹായവും തേടും. വായ്പ ഒറ്റത്തവണ പരമാവധി 25 ലക്ഷമാക്കി ചുരുക്കാനും ഒരു ഭൂമിയുടെ ഈടിന് ഒരാള്‍ക്ക് മാത്രം വായ്പ നല്‍കാനും തീരുമാനമെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."