ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച് സല്‍മാന്‍ രാജാവ്
ജിദ്ദ: സ്വന്തം മണ്ണില്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ച സല്‍മാന്‍ രാജാവ് ഇസ്രയേല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ വേഗത്തിലാക്കുവാനും ആവശ്യപ്പെട്ടു. ഗസ്സയിലുണ്ടായ സംഘര്‍ഷത്തില്‍ 17 ഫലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സല്‍മാന്‍ രാജാവ് ട്രംപുമായി സംസാരിച്ചത്.
ജെറുസലേം ആസ്ഥാനമാക്കി സ്വതന്ത്രരാജ്യമുണ്ടാക്കി ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തെ അന്നും ഇന്നും സഊദി പിന്തുണയ്ക്കുന്നുണ്ടെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും സല്‍മാന്‍ രാജാവ് വ്യക്തമാക്കിയതായി സഊദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സല്‍മാന്‍ രാജാവിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത ഫലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസ് തന്റെ രാജ്യത്തിന് നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തു.
അമേരിക്കന്‍ മാസികയായ അറ്റ്‌ലാന്റികിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സ്വന്തം മണ്ണില്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് സല്‍മാന്‍ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവിച്ചത്. ഇസ്‌ലാമിന്റെ ജന്മദേശവും പരിശുദ്ധ മക്ക നഗരം സ്ഥിതി ചെയ്യുകയും ചെയ്യുന്ന സഊദി അറേബ്യ ഇതു വരേയും ഇസ്രയേല്‍ എന്ന രാഷ്ട്രത്തെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇറാനുമായുള്ള സഊദിയുടെ ബന്ധം നാള്‍ക്കുനാള്‍ വഷളായി വരുന്ന സാഹചര്യത്തില്‍ പൊതുശത്രുവായ ഇറാനെ നേരിടാന്‍ ഇസ്രയേലും സഊദി അറേബ്യയും ഒന്നിക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണങ്ങള്‍ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."