പന്മന വില്ലേജിലെ ഭൂമി ഏറ്റെടുക്കല്‍: വിലയിലെ ആശങ്കകള്‍ പരിഹരിക്കുമെന്ന് അധികൃതര്‍
ചവറ: പന്മന വില്ലേജിലെ കെ.എം.എം.എല്‍ പരിസര വാര്‍ഡുകളിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ യോഗത്തില്‍ വിലയെ ചൊല്ലി വിയോജിപ്പ്. ചിറ്റൂര്‍, പന്മന, കളരിവാര്‍ഡുകളിലുള്ള ഭൂവുടമകളായിരുന്നു ശങ്കരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യോഗത്തില്‍ പങ്കെടുത്തത്.
180 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ, സബ് കലക്ടര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വിലയെ സംബന്ധിച്ച ആശങ്ക ഭൂവുടമകള്‍ പങ്കുവെച്ചത്. ഏറ്റെടുക്കുന്ന ഭൂമിയെ എട്ട് കാറ്റഗറികളിലായി തരം തിരിച്ചാണ് വില നിശ്ചയിച്ചത്. ഇത് പ്രകാരം റോഡരുകില്ലാത്ത നിലം നികത്തിയ പുരയിടത്തിന് സെന്റിന് 1,46,966 മുതല്‍ റോഡരുകിലെ കെട്ടിടമുള്ള ഭൂമിക്ക് 2,63,099 രൂപ വരെയാണ് വില റവന്യൂ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് സര്‍ക്കാരിനെ അറിയിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെ വര്‍ധനവ് മാത്രമാണ് ഈ വില പ്രകാരം വര്‍ധിപ്പിക്കാനുള്ളത്. എന്നാല്‍ ഈ വിലക്ക് യാതൊരു കാരണവശാലും ഭൂമി വിട്ട് നല്‍കാനാകില്ലെന്ന നിലപാടാണ് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചത്. വര്‍ഷങ്ങളായി താമസിക്കുന്ന ജന്മദേശം വിട്ടു പോകുമ്പോള്‍ അര്‍ഹവും ന്യായവുമായ വില വേണമെന്ന് ഉടമകള്‍ പറയുന്നു. അത് പോലെ അഞ്ച് സെന്റിന് താഴെ ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് ആകര്‍ഷകമായ പാക്കേജ് വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന്റെ അധിക ആനുകൂല്യം കൂടാതെ 2,64,000 രൂപ റോഡരുകിലെ ഭൂമിക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഭൂവുടമകളുടെ യോഗത്തില്‍ ഈ നിര്‍ദേശത്തിന് വിരുദ്ധമായ നിലപാടാണ് ഉണ്ടായതെന്ന വിമര്‍ശവും യോഗത്തില്‍ ഉയര്‍ന്നു. ഭൂവുടമകളുടെ ആശങ്ക പരിഹരിച്ചു മാത്രമേ അന്തിമ തീരുമാനമുണ്ടാകു എന്ന് യോഗം ഉദ്ഘാടനം ചെയ്ത സബ് കലക്ടര്‍ ഡോ. എസ് ചിത്ര പറഞ്ഞു.
അഞ്ചു സെന്റു ഭൂമി വരെയുള്ളവര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചയാണിതെന്നും പരാതികള്‍ പൂര്‍ണമായും പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുമെന്നും സബ് കലക്ടര്‍ യോഗത്തെ അറിയിച്ചു. എന്‍ വിജയന്‍ പിള്ള എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ നിയാസ്, ജില്ലാ പഞ്ചായത്തംഗം എസ്. ശോഭ, ജെ. അനില്‍, ഡെപ്യൂട്ടി കലക്ടര്‍ സുകു, ലാന്റ് അക്വിസിഷന്‍ തഹസീല്‍ദാര്‍ ജി.ആര്‍ സുധാറാണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയകുമാര്‍, ഏറ്റെടുക്കുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളായ രാകേഷ് നിര്‍മല്‍, അയ്യപ്പന്‍ പിള്ള, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."