പ്രതിഷേധത്തിനിടയിലും മലപ്പുറത്ത് ദേശീയപാത സര്‍വേ പുരോഗമിക്കുന്നു
തിരൂരങ്ങാടി(മലപ്പുറം): പ്രതിഷേധം തുടരുന്നതിനിടയിലും മലപ്പുറത്ത് ദേശീയ പാത സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. നേരിയ സംഘര്‍ഷത്തോടെ വെളിമുക്ക് മേഖലയിലെ ദേശീയപാത സര്‍വേ പൂര്‍ത്തിയാക്കി. ഇന്നലെ കാലത്ത് 7മണിക്ക് ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹത്തോടെയാണ് തലപ്പാറ മുതല്‍ ചേളാരിവരെ സ്ഥലമെടുപ്പ് സര്‍വേ നടത്തിയത്. പടിക്കലിനടുത്ത് തെക്കേ പടിക്കല്‍ പൊലിസും, നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മറ്റുള്ള സ്ഥലങ്ങളില്‍ സമാധാനപൂര്‍ണമായിരുന്നു. പാതയോരവാസികളായ ഏറെ കുടുംബങ്ങളും സര്‍വേ നടപടികളോട് സഹകരിച്ചില്ല. പല വീടുകളുടെയും ഗേറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സര്‍വേ ഉദ്യോഗസ്ഥരും, തൊഴിലാളികളും, പൊലിസും പലയിടത്തും മതിലുകള്‍ ചാടിക്കടന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. നേരത്തെ ഭൂമിയും വീടും, കെട്ടിടങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയുടെ നിഴലില്‍ കഴിഞ്ഞിരുന്ന പലര്‍ക്കും പുതിയ അലൈന്‍മെന്റില്‍ ഇവ തിരിച്ചു കിട്ടി.
ഇന്നലെ നടന്ന സര്‍വേയില്‍ മുന്നിയൂര്‍ പഞ്ചായത്ത് ഓഫിസ്‌കെട്ടിടം, നൂറിലേറെ വര്‍ഷം പഴക്കമുള്ള പടിക്കല്‍ ജി.എം.എല്‍ .പി സ്‌കൂള്‍ കെട്ടിടം, 50 വീടുകള്‍, ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ എന്നിവ പൂര്‍ണമായും നഷ്ടപ്പെടും. നേരത്തെ തയാറാക്കിയ അലൈന്‍മെന്റുകളില്‍ വെളിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനും മുന്‍വശത്തെ കെട്ടിടവും ഉള്‍പ്പെട്ടിരുന്നെങ്കിലും പുതിയതില്‍ ഖബര്‍സ്ഥാന്റെ മുന്‍വശത്തെ കുറച്ചുഭാഗം മാത്രമേ നഷ്ടപ്പെടൂ.
കഴിഞ്ഞ ദിവസം അരീത്തോടും,വലിയപറമ്പിലും നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മലപ്പുറത്തിന്റെ അധിക ചുമതലയുള്ള പാലക്കാട് എസ്.പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹത്തെ ഒരുക്കിയിരുന്നു. ചേളാരി മുതലുള്ള സ്ഥലങ്ങളില്‍ സര്‍വേ ചൊവ്വാഴ്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."