സഊദിയില്‍ മദ്യക്കടത്തുകേസില്‍ പിടിയിലാകുന്നവരില്‍ കൂടുതലും മലയാളികള്‍
ജിദ്ദ: സഊദിയില്‍ മദ്യക്കടത്ത് നടത്തി പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും മലയാളികള്‍. യു.എ.ഇയില്‍ നിന്നും, ദമാം കോസ്‌വേ വഴിയും ചെറിയ വാഹനങ്ങളും ട്രെയിലറും ഉപയോഗിച്ച് സഊദിയിലേക്ക് മദ്യം കടത്തിയ കേസില്‍ നൂറു കണക്കിനാളുകളാണ് ആറ് മാസത്തിനകം പിടിയിലായത്. തുഖ്ബ ജയിലില്‍ 75 പേരില്‍ 50 ഉം മലയാളികളാണ് വിവിധ മദ്യക്കടത്തു കേസില്‍ ജയില്‍വാസം അനുഭവിക്കുന്നത്.
ദമാം, ജുബൈല്‍, അല്‍ഹസ എന്നിവിടങ്ങളില്‍ നൂറില്‍പരം മലയാളികള്‍ ജയിലിനകത്തുണ്ട്. ഇവരെല്ലാം തന്നെ അന്യ രാജ്യങ്ങളില്‍ നിന്നും മദ്യം കടത്താന്‍ ശ്രമിച്ചവരാണ്. മദ്യക്കടത്തിന്റെ ഒരു വന്‍ റാക്കറ്റു തന്നെ സഊദിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഭീമമായ തുക വാഗ്ദാനം ചെയ്ത് പുതിയ വിസക്ക് വരെ ആളുകളെ നാട്ടില്‍നിന്ന് മദ്യക്കടത്തിന് കൊണ്ടുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തവണ വ്യവസ്ഥയില്‍ ഇവരുടെ പേരില്‍ പുതിയ വാഹനം എടുത്തു നല്‍കിയാണ് മദ്യക്കടത്ത് ചെയ്യുന്നത്. സഊദിയില്‍ നിന്ന് ബഹ്‌റൈനില്‍ എത്തിയാല്‍ അവിടത്തെ ഏജന്റ് വാഹനം ഡ്രൈവറില്‍ നിന്ന് വാങ്ങി ഒളിപ്പിച്ചു വയ്ക്കും. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അറിവോടെയാണ് മദ്യം കടത്തുന്നത് എന്നാണ് ഡ്രൈവറെ ധരിപ്പിക്കുന്നത്. ഒന്നോ രണ്ടോ തവണ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയാതെ അതിര്‍ത്തി കടന്നു പോരുമെങ്കിലും പിടിയിലാകുമ്പോഴാണ് പലര്‍ക്കും ചതി മനസ്സിലാകുന്നത്. എന്നാല്‍ പിടിയിലാകുന്നതിന് ശേഷം ഏജന്റ് കൈമലര്‍ത്തുകയും ചെയ്യും.
പിടിയിലാകുന്നതോടെ തങ്ങള്‍ മദ്യം കടത്തുന്നത് അറിഞ്ഞിരുന്നില്ലെന്നും ടാക്‌സി സര്‍വിസ് ആണെന്ന് ധരിച്ചാണ് ഞങ്ങള്‍ കാറില്‍ കയറിയതെന്നാണ് പിടിയിലാകുന്നവര്‍ പറയുക. പല വാഹനങ്ങളിലും അടിഭാഗത്ത് പ്രത്യേകം ടാങ്കുകള്‍ നിര്‍മിച്ചാണ് മദ്യം ഒളിപ്പിക്കുന്നത്.
ട്രെയിലറുകളില്‍ ബോഡിയോടു ചേര്‍ന്ന് സമാന്തരമായി ഒരു ബോഡി കൂടി നിര്‍മിച്ച് ബോട്ടിലുകള്‍ സുരക്ഷിതമായി കുത്തിനിറച്ചു കടത്തുന്നതും കസ്റ്റംസ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്.
ഒരാഴ്ച മുമ്പ്, യു.എ.ഇ അതിര്‍ത്തി വഴി ട്രെയിലറിലൂടെ ആയിരക്കണക്കിന് ബോട്ടിലുകളാണ് കടത്താന്‍ ശ്രമിച്ചത്. ബഹ്‌റൈനില്‍ നിന്ന് കടല്‍ മാര്‍ഗം ബോട്ടിലൂടെ കടത്താന്‍ ശ്രമിച്ചെങ്കിലും ഖത്തീഫില്‍ വെച്ച് പിടികൂടിയിരുന്നു.
തമിഴ്‌നാട്ടുകാരാണ് ഈ കേസില്‍ പിടിക്കപ്പെട്ടത്. മദ്യ വാറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനും നൂറുകണക്കിന് ആളുകള്‍ പിടിയിലായിട്ടുണ്ട്.
ഇങ്ങനെ പിടിക്കപ്പെടുന്നവരില്‍ ഏറെയും ഇന്ത്യക്കാരാണെങ്കിലും ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യക്കാരും അഴിക്കുള്ളിലുണ്ട്. ഖത്തീഫിലെയും ദമാമിലെയും കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ചും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ആഡംബര ഫല്‍റ്റുകള്‍ കേന്ദ്രീകരിച്ചും പ്ലാന്റുകള്‍ സ്ഥാപിച്ച നിരവധി വാറ്റ് കേന്ദ്രങ്ങള്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു.
വിദേശ മദ്യങ്ങളുടെ വ്യാജ നിര്‍മാണവും ഖത്തീഫ് കേന്ദ്രീകരിച്ചു സുലഭമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."