ലോകാരോഗ്യ ദിനം: ലഹരി വിരുദ്ധ കലാജാഥ സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിന്‍കരയില്‍ രക്തദാന സന്ദേശ ലഹരി വിരുദ്ധ കലാ ജാഥ സംഘടിപ്പിച്ചു. ബ്ലഡ് ഡൊണേഴ്‌സ് ഫോറവും ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയും മറ്റ് സാമൂഹ്യ സംഘടനകളും ചേര്‍ന്ന് പൂവാര്‍ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെ അണിനിരത്തിയാണ് കലാജാഥ അരങ്ങേറിയത്. നെയ്യാറ്റിന്‍കര ബസ്സ്റ്റാന്റ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച കലാജാഥ കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് രക്തദാനത്തിന്റെ കാര്യത്തിലും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. മറ്റ് സംസ്ഥാനങ്ങില്‍ എട്ട് റവന്യു ജില്ലകള്‍ക്ക് ഒന്ന് എന്ന കണക്കിനാണ് മെഡിക്കല്‍ കോളജുകളുളളത്. രക്തബാങ്കുകള്‍ പ്രദേശികമായി താലൂക്ക് ആശുപത്രികളില്‍ വരെ വ്യാപിപ്പിക്കാന്‍ നമുക്കായിട്ടുണ്ട്. റെയര്‍ ഗ്രൂപ്പുകള്‍ ഒഴിച്ച് മറ്റ് എല്ലാ ഗ്രൂപ്പുകളില്‍പ്പെട്ട രക്തവും ശേഖരിക്കുന്നതിനും ആവശ്യാനുസരണം വിതരണം നടത്തുന്നതിനുമുളള സൗകര്യങ്ങള്‍ ലഭ്യമാണ്.
രക്തദാനത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും സ്‌കൂള്‍-കോളജ് തലത്തിലും മറ്റ് സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളിലെ ജീവനക്കാരെയും പ്രവര്‍ത്തകരെയും രക്തദാനത്തിനായി സന്നദ്ധരാക്കാനും നമുക്കായിട്ടുണ്ട്.മയക്കുമരുന്ന് ലോബികളുടെ പിടിയില്‍ നിന്ന് വരും തലമുറയെ രക്ഷിക്കേണ്ട ബാധ്യത നമുക്കേവര്‍ക്കുമുണ്ട്. ആരോഗ്യ സംരക്ഷണത്തിനായി നടത്തുന്ന ഏതൊരു പ്രവൃത്തിയും വരും തലമുറക്ക് ഗുണമാവുകതന്നെ ചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.ആന്‍സലന്‍ പറഞ്ഞു.
യോഗത്തിന് ശേഷം പുവാര്‍ ഗവ.എച്ച്.എസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ലഘു തെരുവ് നാടകം അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."