സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷം: ജില്ലയില്‍ വിവിധ പദ്ധതികളൊരുക്കും
ആലപ്പുഴ: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ജില്ലയില്‍ വിവിധ പരിപാടികളോട ജനകീയമായി ആഘോഷിക്കാന്‍ തീരുമാനമായി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എല്ലാവിധ ക്ഷേമ പെന്‍ഷനുകളും വിഷുവിനകം വിതരണം ചെയ്യാന്‍ വകുപ്പുകള്‍ നടപടിയെടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി നിര്‍ദേശിച്ചു.
ജില്ലയില്‍ പൂര്‍ത്തീകരിക്കപ്പെട്ട രണ്ടായിരത്തോളം പദ്ധതികളുടെ സമര്‍പ്പണവും നിര്‍മാണോദ്ഘാടനങ്ങളും ഈ കാലയളവില്‍ സംഘടിപ്പിക്കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 17 മുതല്‍ 24 വരെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പ്രദര്‍ശന വിപണന ഭക്ഷ്യമേള സംഘടിപ്പിക്കും.
വിശപ്പുരഹിത ആലപ്പുഴ പദ്ധതിയുടെ ഉദ്ഘാടനം, ആലപ്പുഴ മൊബിലിറ്റി ഹബ് വിശദമായ രൂപരേഖയുടെ പ്രകാശനം, പൂര്‍ത്തിയായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം, നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ അധുനിക ശ്മശാനം, പുതിയ ബ്ലോക്ക് നിര്‍മാണം തുടങ്ങിയവ ഈ കാലയളവില്‍ ഉദ്ഘാടനം ചെയ്യും.
ഹോമിയോ ആശുപത്രിയുടെ പുതിയ ബ്ലോക്ക്, ചേര്‍ത്തലയിലെ മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയിലെ ജീവിത ശൈലീ രോഗ നിയന്ത്രണ വിഭാഗം, കാവാലം മൃഗാശുപത്രി, ആലപ്പുഴ എ.ബി.സി കേന്ദ്രം, അമ്പലപ്പുഴ മൃഗാശുപത്രി തറക്കല്ലിടല്‍ തുടങ്ങിയവക്ക് ഈ മാസം തുടക്കമാകും. ഫിഷറീസ് വകുപ്പ് ഭവന നിര്‍മാണ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടത്തും.
വികസനം, ജീവകാരുണ്യം തുടങ്ങിയവക്ക് മുന്‍തൂക്കം നല്‍കിയുള്ള പരിപാടികളായിരിക്കും സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. മദ്യപാനം ഉപേക്ഷിച്ച നൂറോളം പേരെ കണ്ടെത്തി എക്‌സൈസുമായി സഹകരിച്ച് കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പരിപാടി സംഘടിപ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
ബയോമെട്രിക് സംവിധാനത്തിലെ റേഷന്‍ വിതരണം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നടപ്പില്‍ സംസ്ഥാനത്ത് നടപ്പില്‍ വരുകയാണെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പുതുക്കിപ്പണിയുന്ന ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിന്റെ റോഡിന്റെ ഉദ്ഘാടനം മന്ത്രി സഭാ വാര്‍ഷികത്തിന്റെ ഭാഗമായി നടത്താന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വിവിധ വകുപ്പുകളില്‍ ജില്ലയെ കേന്ദ്രീകരിച്ച് ഉണ്ടായ നേട്ടങ്ങളുടെ സംക്ഷിപ്ത രൂപം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ രണ്ടു ദിവസത്തിനകം എത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പരിപാടിയുടെ നടത്തിപ്പിനായി ജില്ലായിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്നിവര്‍ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സനായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപവല്‍ക്കരിച്ചു. പി. തിലോത്തമന്‍, എം.എല്‍.എമാരായ എ.എം ആരിഫ്, ആര്‍. രാജേഷ്, പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കലക്ടര്‍ ടി.വി അനുപമ, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."