അമേരിക്കയെ നേരിട്ട് വിളിച്ചു സന്നദ്ധത അറിയിച്ച് ഉ.കൊറിയ
പ്യോങ്‌യാങ്: ആണവനിരായുധീകരണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത അറിയിച്ച് ഉത്തര കൊറിയ രംഗത്ത്. യു.എസ് വൃത്തങ്ങളോട് ഉ.കൊറിയന്‍ അധികൃതര്‍ നേരിട്ട് അറിയിച്ചതാണ് ഇക്കാര്യം.
ഉടന്‍ തന്നെ നടക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയിലാണ് വിഷയത്തില്‍ ചര്‍ച്ച നടക്കുക. ഇക്കാര്യം വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത മെയില്‍ നടക്കുമെന്നാണു കരുതപ്പെടുന്നത്. ഇതിനു മുന്നോടിയായി രഹസ്യമായും നേരിട്ടും ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്ക സത്യസന്ധമായ ചര്‍ച്ചയ്ക്കു തയാറാകുകയും തങ്ങളുടെ രാജ്യസുരക്ഷ ഉറപ്പുനല്‍കുകയും ചെയ്താല്‍ ആണവനിരായുധീകരണം അടക്കമുള്ള എന്തു നീക്കത്തിനും തയാറാണെന്ന് കഴിഞ്ഞ മാസം ഉ.കൊറിയ ദ.കൊറിയന്‍ അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ചൈനാ സന്ദര്‍ശനത്തിനിടെ ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലും കിം ജോങ് ഉന്‍ ഇക്കാര്യം വ്യക്തമാക്കി.
എന്നാല്‍, ഇതാദ്യമായാണ് കൊറിയന്‍ വൃത്തങ്ങള്‍ അമേരിക്കയെ നേരിട്ട് ഇക്കാര്യത്തില്‍ സന്നദ്ധത അറിയിക്കുന്നത്. ട്രംപ്-ഉന്‍ കൂടിക്കാഴ്ച, അനുബന്ധ ചര്‍ച്ചകള്‍ എന്നിവയുടെ തിയതികളുടെ കാര്യത്തില്‍ ഈ മാസം തന്നെ അന്തിമ തീരുമാനമാകുമെന്നാണു കരുതപ്പെടുന്നത്.
ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ നേരിട്ട് കൂടിക്കാഴ്ച നടത്താനിരിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന ശീതകാല ഒളിംപിക്‌സിനു മുന്നോടിയായി ഉ.കൊറിയ മിസൈല്‍-ആണവ പരീക്ഷണങ്ങളെല്ലാം നിര്‍ത്തിവച്ചിരുന്നു.
ഇതിനു ശേഷമാണ് ഇരുകൊറിയകള്‍ക്കും അയല്‍രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രതലത്തില്‍ മഞ്ഞുരുക്കമുണ്ടാകുന്നത്. ഈ മാസം അവസാനത്തില്‍ ഇരുകൊറിയകളുടെയും നേതാക്കള്‍ തമ്മില്‍ ഉച്ചകോടി നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."