സിറിയന്‍ സൈനികതാവളത്തിനു നേരെ വ്യോമാക്രമണം; 14 മരണം
ദമസ്‌കസ്: ദൂമയില്‍ നടന്ന രാസായുധ പ്രയോഗത്തിനു തൊട്ടുപിറകെ സിറിയന്‍ സൈനിക താവളത്തില്‍ വ്യോമാക്രമണം. മധ്യസിറിയയിലെ ഹോംസ് പ്രവിശ്യയില്‍ തിയാസ് വ്യോമകേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ ഇസ്‌റാഈലാണെന്ന് സിറിയ ആരോപിച്ചു.
തിയാസ് സൈനികതാവളത്തിലെ വിമാനത്താവളം ലക്ഷ്യമിട്ട് നിരവധി മിസൈലുകളാണ് ഇവിടെ വര്‍ഷിച്ചത്. കൊല്ലപ്പെട്ടവരില്‍ സിറിയന്‍ സൈന്യത്തെ സഹായിക്കുന്ന ഇറാന്‍ സൈനികരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ സര്‍ക്കാര്‍ നിയന്ത്രിത വാര്‍ത്താ ഏജന്‍സിയായ സനയും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണു സൈനിക താവളത്തിനു നേരെ ശക്തമായ ആക്രമണമുണ്ടായത്. സിറിയന്‍ സൈന്യത്തിനു പുറമെ സഖ്യകക്ഷികളായ റഷ്യ, ഇറാന്‍, ലബനാനിലെ ഹിസ്ബുല്ല എന്നിവയുടെ സൈനികരും ഈ കേന്ദ്രത്തിലുണ്ട്.
ഇസ്‌റാഈലാണ് ആക്രമണം നടത്തിയതെന്ന് സിറിയയും റഷ്യയും ആരോപിച്ചു. എന്നാല്‍, ഇസ്‌റാഈല്‍ ആരോപണം നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ അടക്കം നിരവധി തവണ ഇസ്‌റാഈല്‍ സൈന്യം വിവിധ സിറിയന്‍ പ്രവിശ്യകളില്‍ ആക്രമണം നടത്തിയിരുന്നു. രാജ്യത്തെ ഇറാന്റെ സൈനികതാവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇത്. ഇതിനിടെ ഇസ്‌റാഈലിന്റെ സൈനിക വിമാനം ഇറാന്‍ സൈനികര്‍ വെടിവച്ചിടുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച കിഴക്കന്‍ ഗൂഥയിലെ ദൂമയില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ആക്രമണമെന്നാണു കരുതപ്പെടുന്നത്. ദൂമയില്‍ നാട്ടുകാര്‍ക്കായി സജ്ജമാക്കിയ ബോംബ് ഷെല്‍ട്ടറിനു നേരെ നടന്നത് രാസായുധ പ്രയോഗമാണെന്ന് ആരോപണമുയര്‍ന്നതോടെ വന്‍ വിമര്‍ശമുയര്‍ന്നിരുന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സംഭവത്തെ ശക്തമായി അപലപിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. വിഷയത്തില്‍ ഇന്നലെ യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നിട്ടുമുണ്ട്.
സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ മൃഗത്തോട് ഉപമിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തിന്റെ പേരില്‍ സിറിയയും റഷ്യയും വലിയ വിലയൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, സിറിയന്‍ സൈനിക താവളത്തില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ തങ്ങളല്ലെന്ന് പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്നും അതിനുസരിച്ചായിരിക്കും നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച നാട്ടുകാര്‍ക്കു നേരെ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ആയിരത്തോളം പേര്‍ ശ്വാസതടസം നേരിടുകയും ചെയ്യുന്നുണ്ട്.
രാസായുധ പ്രയോഗമാണ് നാട്ടുകാര്‍ക്കുനേരെ നടന്നതെന്ന് ദൂമയിലെ വിമതസംഘമായ ജയ്ഷുല്‍ ഇസ്‌ലാമും സിറിയയിലെ സന്നദ്ധ സംഘങ്ങളായ സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി(സാംസ്), വൈറ്റ് ഹെല്‍മെറ്റ്‌സ്, സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നിവയും ആരോപിച്ചിരുന്നു.
രാസായുധ പ്രയോഗത്തിനു തെളിവില്ല;
സിറിയയ്ക്ക് പ്രതിരോധവുമായി വീണ്ടും റഷ്യ
മോസ്‌കോ: ദൂമയില്‍ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതിന് ഒരു തെളിവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. സംഭവത്തില്‍ അന്താരാഷ്ട്ര വിമര്‍ശം ശക്തമായ പശ്ചാത്തലത്തിലാണ് സിറിയയെ പ്രതിരോധിച്ച് വീണ്ടും റഷ്യ രംഗത്തെത്തിയത്. വിഷയം ചര്‍ച്ച ചെയ്യാനായി യു.എന്‍ രക്ഷാസമിതി യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യന്‍ നയതന്ത്രജ്ഞരും സന്നദ്ധ സംഘങ്ങളും മേഖലയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ആരോപണം സ്ഥിരീകരിക്കുന്ന ഒരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നും സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
നഗരത്തില്‍ അവശേഷിച്ച വിമതപോരാളികളും കീഴടങ്ങല്‍ കരാര്‍ പ്രകാരം മറ്റു പ്രദേശങ്ങളിലേക്കു പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതി യോഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ സംയുക്തമായി ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കയും ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."