കാരണവര്‍ വധം: ഷെറിന്റെ ജീവപര്യന്തം തടവ് സുപ്രിംകോടതി ശരിവച്ചു
ന്യൂഡല്‍ഹി: മാവേലിക്കര ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി ശരിവച്ചു.
കേസില്‍ മാവേലിക്കര അതിവേഗ വിചാരണക്കോടതിയുടെ ഉത്തരവ് ശരിവച്ച 2016 ഡിസംബറിലെ ഹൈക്കോടതി വിധി ചോദ്യംചെയ്ത് പ്രതി നല്‍കിയ ഹരജി തള്ളിയാണ് സുപ്രിംകോടതിയുടെ നടപടി.
കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ചത് ഷെറിന്‍ ആണെന്നു പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയക്കുകപോലും ചെയ്യാതെ ഹരജി തള്ളുകയായിരുന്നു. പുറത്തുനിന്നുള്ളവരാണ് കാരണവരെ കൊലപ്പെടുത്തിയതെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു ഷെറിന്റെ വാദം.
എന്നാല്‍ ഭാസ്‌കര കാരണവരും മരുമകള്‍ ഷെറിനും മാത്രമായിരുന്നു കൊല നടന്ന രാത്രിയില്‍ വീട്ടിലുണ്ടായിരുന്നതെന്നും ഷെറിന്റെ സഹായമില്ലാതെ പുറത്തുനിന്നെത്തിയ കൊലയാളികള്‍ക്ക് വീട്ടില്‍ കയറാന്‍ സാധ്യമല്ലെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും നിരീക്ഷിച്ചാണ് എസ്.എ ബോബ്‌ഡെ, നാഗേശ്വരറാവു എന്നിവരടങ്ങിയ രണ്ടംഗബെഞ്ച് ഹരജി തള്ളിയത്.
2009 നവംബര്‍ ഏഴിനാണ് കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ (65) കൊല്ലപ്പെട്ടത്.
അമേരിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഷെറിന്റേയും ഭര്‍ത്താവ് ബിനു പീറ്റര്‍ കാരണവരുടേയും മകള്‍ ഐശ്വര്യ അന്നയുടേയും പേരില്‍ ഭാസ്‌കര കാരണവര്‍ രജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദാക്കിയതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് ആരോപണം.
ഷെറിനെ കൂടാതെ ബാസിത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരാണ് കേസിലെ പ്രതികള്‍. ഷെറിന് മൂന്ന് ജീവപര്യന്തവും മറ്റ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് ഷെറിന്‍ കരണവരെ വധിക്കാന്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.
ഏറെ വിവാദമായ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഷെറിന് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന പരാതിയും നേരത്തെ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."