മണിയാശാന്റെ ഹര്‍ത്താല്‍ ദിനം കൃഷിയിടത്തില്‍
കുഞ്ചിത്തണ്ണി: മണിയാശാന്റെ ഹര്‍ത്താല്‍ ദിനം കൃഷിയിടത്തില്‍. ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണ അറിയിച്ചെന്നോളം എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി വീട്ടില്‍ തന്നെ കൂടുകയായിരുന്നു വൈദ്യുതി മന്ത്രി എം എം മണി.
കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ മക്കളോടും കൊച്ചു മക്കളോടൊപ്പം ചെലവഴിച്ചു. കൂടെ അല്പം കുഷിക്കാര്യങ്ങളിലും ഏര്‍പ്പെട്ടു. ഹര്‍ത്താല്‍ ആരംഭിക്കുന്നതിനു മുന്‍പേ മന്ത്രി മണി കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയിരുന്നു. ഉത്തരേന്ത്യയില്‍ പാവങ്ങളായ ദലിതര്‍ക്കെതിരെയുള്ള പീഡനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സ്വാഗതാര്‍ഹമാണെന്നും സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഹര്‍ത്താലിനു പിന്തുണ നല്കി ഔദ്യോഗിക പരിപാടി റദ്ദക്കിയതായും എം.എം മണി പറഞ്ഞു. രാവിലത്തെ പ്രഭാത ഭക്ഷണത്തിനു ശേഷം മന്ത്രി പുരയിടത്തിലേക്കിറങ്ങി. തന്റെ 42 സെന്റ് സ്ഥലത്തെ ഏലച്ചെടികള്‍ രാവിലെ തന്നെപരിശോധിച്ചു. മന്ത്രിയായ ശേഷം കാര്യമായ രീതിയില്‍ കൃഷിയില്‍ വേണ്ട ശ്രദ്ധ ചെലുത്താന്‍ സമയം കിട്ടാറില്ല.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കെഎസ്ഇബി നടപ്പിലാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണമാണ് എറ്റവും സന്തോഷം നല്‍കുന്നതെന്നും ബോര്‍ഡിലെ ജീവനക്കാര്‍ നല്കിയ പിന്തുണ കാരണമാണ് പദ്ധതി വിജയിച്ചതെന്നും കേന്ദ്രത്തിന്റെ വൈദ്യുതി നയം തെറ്റായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളിലും, കോളജുകളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനും അധികമായി ഉല്പാദിപ്പിക്കുന്ന വൈദ്യൂതി വിലയ്ക്ക് വാങ്ങുന്നതിനും കെഎസ്ഇബി പദ്ധതി തയ്യാറാക്കി വരികയാണ്. കക്ഷി രാഷ്ട്രിയ ഭേദമന്യേയാണ് കെഎസ്ഇബിയില്‍ സ്ഥലം മാറ്റം നല്‍കുന്നത്. യാതൊരുവിധ രാഷ്ട്രീയ ഇടപെടലിനും വകുപ്പില്‍ സമ്മതിക്കില്ല. സ്ഥലംമാറ്റം പൂര്‍ണമായും ഓണ്‍ലൈനായാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."