വനത്തില്‍ മാത്രം ഇ.എസ്.എ: ഭൂപടവും റിപ്പോര്‍ട്ടും ഇന്ന് കേന്ദ്രത്തിന് സമര്‍പ്പിക്കും
തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനത്തില്‍ നിന്ന് കേരളത്തിലെ 123 വില്ലേജുകളിലെയും ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഏലമല പ്രദേശത്തെയും ഒഴിവാക്കിക്കൊണ്ട് തയ്യാറാക്കിയ ഭൂപടവും റിപോര്‍ട്ടും ഇന്ന് കേന്ദ്രത്തിന് സമര്‍പ്പിക്കും.
മാര്‍ച്ച് 13ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വനം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച ഭൂപടവും റിപോര്‍ട്ടുമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുക.
അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കസ്തൂരിരംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട പ്രത്യേക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്.
2017 ഫെബ്രുവരി രണ്ടിന് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ വനത്തിനുള്ളില്‍ മാത്രം ഇ.എസ്.എ നിജപ്പെടുത്താനും കൃഷിത്തോട്ടം, ജനവാസകേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയെ സമ്പൂര്‍ണമായി ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുകയും കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനത്തെ അംഗീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഭൂപടവും റിപോര്‍ട്ടുമാണ് കേന്ദ്രത്തിന് കൈമാറുന്നത്. സി.എച്ച്.ആര്‍ മേഖലയെ സമ്പൂര്‍ണമായും ഇ.എസ്.എയില്‍ നിന്ന് ഒഴിവാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുളളത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കേരളത്തിലെ 9993.7 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോലപ്രദേശമായി കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇന്ന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വനത്തിനുള്ളില്‍ മാത്രമായി ഇ.എസ്.എയെ ചുരുക്കുകയും ആകെയുള്ള ഇ.എസ്.എ ഭൂവിസ്തൃതി 8683.69 ചതുരശ്ര കിലോമീറ്ററായി കുറയുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."