കേരള മിനിമം വേതന ചട്ടഭേദഗതി ഹൈക്കോടതി ശരിവച്ചു
കൊച്ചി: സംസ്ഥാനത്ത് കേരള മിനിമം വേതന നിയമപ്രകാരം ഷെഡ്യൂള്‍ ചെയ്തിട്ടുള്ള തൊഴില്‍ മേഖലകളില്‍ വേതന വിതരണം ബാങ്ക് അക്കൗണ്ട് വഴിയാക്കണമെന്നും ഇവരുടെ തൊഴില്‍ - വേതന വിവരങ്ങള്‍ ലേബര്‍ കമ്മിഷണറേറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള കേരള മിനിമം വേതന ചട്ടഭേദഗതി ഹൈക്കോടതി ശരിവച്ചു.
ബാങ്ക് അക്കൗണ്ട് വഴി നല്‍കണമെന്ന വ്യവസ്ഥ നിയമ വിരുദ്ധമാണെന്ന വാദം നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ തീരുമാനം. വേതനം എങ്ങനെ വിതരണം ചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു കോടതി പറഞ്ഞു. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുകയാണ് ലക്ഷ്യം. തൊഴിലുടമക്ക് അസൗകര്യമുണ്ടെന്ന കാരണത്താല്‍ നിയമ നിര്‍മാണത്തില്‍ ഇടപെടാന്‍ കഴിയില്ല.
ആറ് കാറ്റഗറിയിലുള്ളവരെ മാത്രമാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതെന്നും ഇതു വിവേചനമാണെന്നുമുള്ള വാദവും നിലനില്‍ക്കില്ല. കംപ്യൂട്ടര്‍വല്‍ക്കരിച്ച തൊഴില്‍ മേഖലകളെ ആദ്യപടിയെന്ന നിലയിലാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്.
തൊഴിലുടമകള്‍ നല്‍കുന്ന വിവരങ്ങളുടെ രഹസ്യ സ്വഭാവം സംരക്ഷിക്കാന്‍ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇവ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.സദുദ്ദേശ്യത്തോടെയുള്ള ഈ മാറ്റത്തില്‍ ആക്ഷേപം ഉന്നയിക്കേണ്ട കാര്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുളള്ള മേഖലകളിലെ വേതന വിതരണം ബാങ്ക് വഴിയാക്കാനും തൊഴില്‍ - വേതന വിവരങ്ങള്‍ ലേബര്‍ കമ്മിഷണറേറ്റിലെ പേമെന്റ് പ്രെട്ടക്ഷന്‍ സംവിധാനത്തില്‍ അപ്‌ലോഡ് ചെയ്യണമെന്നുമാണ് ചട്ട ഭേദഗതിയില്‍ പറയുന്നത്.
തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്യുന്നതിന് മൂന്നു നാള്‍ മുന്‍പ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. ഈ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നും തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനുള്‍പ്പെടെ നല്‍കിയ 186 ഹരജികള്‍ തള്ളിയാണ് സിംഗിള്‍ബെഞ്ചിന്റെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."