മുങ്ങിമരിച്ചയാള്‍ക്കുള്ള ധനസഹായം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍
കണ്ണൂര്‍: ബാണാസുരസാഗര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ച ബാബുവിന്റെ കുടുംബത്തിന് 2015 ഡിസംബര്‍ 26ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള ധനസഹായത്തിന്റെ 50 ശതമാനമെങ്കിലും അനന്തരാവകാശികള്‍ക്കു നല്‍കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
അണക്കെട്ടില്‍ മുങ്ങിമരിച്ച ബാബുവിന്റെ കുടുംബത്തിന് ആശ്രിതനിയമനം നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് ഉത്തരവ്.
റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച വിശദീകരണത്തില്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍പ്പെട്ട ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ബാബു മരിച്ചതെന്നു പറയുന്നു.
ഇദ്ദേഹത്തിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. മരിച്ചയാളുടെ ആശ്രിതനു നിയമനം നല്‍കുന്നതു സംബന്ധിച്ച് വനംവകുപ്പ് നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാബുവിന്റെ ഏകവരുമാനത്തിലാണു കുടുംബം പുലര്‍ന്നിരുന്നത്. ദുരിതാശ്വാസനിധിയില്‍ നിന്നു നല്‍കിയ ധനസഹായത്തിന്റെ പലിശകൊണ്ട് മാത്രം കുടുംബത്തിനു കഴിയാന്‍ ബുദ്ധിമുട്ടാണെന്നു വാര്‍ത്തയില്‍ പറയുന്നു.
സ്ഥിരം നിക്ഷേപമായി സര്‍ക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന 10 ലക്ഷം രൂപയില്‍ അഞ്ചുലക്ഷം രൂപ അനന്തരാവകാശികള്‍ക്കു നല്‍കാനും ബാക്കി തുക അനന്തരാവകാശികളില്‍ നിലനിര്‍ത്തി പലിശ എല്ലാ മാസവും ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്നു കമ്മിഷന്‍ ആവശ്യപ്പെട്ടു.
മരിച്ച ബാബുവിന്റെ ആശ്രിതനെ വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസറായി നിയമിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. റവന്യൂ, വനം സെക്രട്ടറിമാര്‍ക്കാണ് ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ പകര്‍പ്പ് വയനാട് ജില്ലാ കലക്ടര്‍ക്കും അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."