ലൈസന്‍സ് എടുക്കാന്‍ ഇനി ആധുനിക രീതി
തളിപ്പറമ്പ്: തളിപ്പറമ്പ് സബ് ആര്.ടി ഓഫിസിനു കീഴിലുളള ഓട്ടോമോട്ടീവ് ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷനും കംപ്യൂട്ടറൈസ്ഡ് വാഹന പരിശോധനാ കേന്ദ്രവും മന്ത്രി എ.കെ ശശീന്ദ്രന് 13ന് തറക്കല്ലിടും. മോട്ടോര്‍ വാഹന വകുപ്പിന്റെ ഉടമസ്ഥതയില്‍ കാഞ്ഞിരങ്ങാട്ടെ ഒന്നേമുക്കാല്‍ ഏക്കറിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. സെന്റര്‍ പൂര്‍ത്തിയാവുന്നതോടെ ലേണിങ് ടെസ്റ്റ്, ലൈസന്‍സ് നല്കല് എന്നീ വിഭാഗങ്ങളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന മിനി സിവില്‍ സ്റ്റേഷനില്‍നിന്നു അങ്ങോട്ടേക്ക് മാറ്റും.
ടെസ്റ്റ് പാസായി കഴിഞ്ഞ ഉടന്‍തന്നെ ലൈസന്‍സും നല്‍കും. കേരളത്തില്‍ ഏഴാമതും ജില്ലയില്‍ രണ്ടാമത്തേതുമാണ് തളിപ്പറമ്പില്‍ സ്ഥാപിക്കുന്ന കേന്ദ്രം. കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത ഇന്റഗ്രേറ്റഡ് ടെക്നോളജിയില്‍ ജര്‍മനിയില്‍ നിന്നുള്ള അത്യാധുനിക മെഷിനുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. കാസര്‍കോട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും ഇത്തരം സ്റ്റേഷനുകള്‍ സ്ഥാപിക്കും.
ഊരാളുങ്കല്‍ ടെക്നോളജി സൊലൂഷന്‍സിനാണ് നിര്‍മാണ ചുമതല. നാലുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആറുമാസത്തിനുളളില്‍ പൂര്‍ണമായും പുതിയ രീതിയിലുള്ള ക്രമീകരണം സജ്ജമാകും. നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതോടെ ഇപ്പോഴത്തെ ടെസ്റ്റ് ഗ്രൗണ്ടിന് എതിര്‍വശത്തുള്ള മുത്തപ്പന് ക്ഷേത്രത്തിന് പുറകിലെ പുറമ്പോക്ക് ഭൂമിയിലായിരിക്കും താല്‍ക്കാലികമായി ഡ്രൈവിങ് ടെസ്റ്റും വാഹന പരിശോധനയും നടക്കുക. വാര്‍ത്താസമ്മേളനത്തില്‍ ജോയിന്റ് ആര്.ടി.ഒ ഇ. ഉണ്ണികൃഷ്ണന്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ.എസ് ശ്രീകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."