ഫെസിലിറ്റേഷന്‍ സെന്റര്‍ ഇല്ല: ചുവപ്പുനാടയില്‍ കുടുങ്ങി 'ആവാസ് '
കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള സര്‍ക്കാര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങാന്‍ താമസം. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കബളിപ്പിക്കപ്പെടുന്നതിന്റെയും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നതിന്റെയും സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ആവാസ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് പദ്ധതി നടപ്പായത്.
സെന്റര്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയാകുന്നത്. പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) കണ്‍വീനറുമായ സമിതിയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചുമതലപ്പെട്ടവര്‍. ഇവര്‍ക്ക് പുറമേ ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എല്ലാ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പൊലിസ് മേധാവി, തദ്ധേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍, തൊഴില്‍ ഉടമ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന മോണിറ്ററിങ് സമിതിയുമുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍, ബാങ്കിങ്, ആരോഗ്യ സുരക്ഷ, യാത്ര സംബന്ധിച്ചുള്ള കാര്യങ്ങള്‍ തുടങ്ങി എല്ലാ ആവശ്യത്തിനും ഫെസിലിറ്റേഷന്‍ സെന്റര്‍ കൈകാര്യം ചെയ്യേണ്ടതാണ്. ഹിന്ദി, ബംഗാളി ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നവരെയാണ് സെന്ററുകളില്‍ നിയമിക്കേണ്ടത്. പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നിര്‍ദേശങ്ങളും ഉത്തരവുകളും ചുവപ്പുനാടയില്‍ കുടുങ്ങി അകാല ചരമമടയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."