രണ്ടാനച്ഛനും രണ്ടാനമ്മയും നല്ല രക്ഷിതാവാണ്
തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലെ മനോഹരമായൊരു രംഗമുണ്ട്. കഥാനായകനായ മജീദിന്റെ ഉമ്മ ഒരിക്കല്‍ അയല്‍വാസിയോട് സങ്കടം പറയും. എത്ര കാലായി ഓനെന്നെ ഉമ്മായെന്ന് വിളിച്ചിട്ടെന്ന്... രണ്ടാനുപ്പയെ അംഗീകരിക്കാന്‍ കഴിയാത്തതാണ് മജീദിന്റെ പ്രശ്‌നം. സ്വന്തം ഉമ്മയോട് പോലും സ്‌നേഹത്തോടെ മിണ്ടാന്‍ വയ്യാതായി. സ്‌നേഹസമ്പന്നനായ ആ രണ്ടാനുപ്പയാകട്ടെ വര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും സ്‌നേഹം മാത്രം കരുതിവെച്ച് കാത്തിരിക്കുന്നു തന്നിലെ രക്ഷകര്‍ത്താവിനെ മകന്‍ ഒരിക്കല്‍ അംഗീകരിക്കുന്നതും കാത്ത്.
വേദനകള്‍ക്കിടയിലും അയാളുടെ എല്ലാം ഒളിപ്പിച്ചുവച്ച ആ ചിരിയിലുണ്ട് സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും മറ്റൊരു തലം.രക്ഷാകര്‍ത്താവാവാന്‍ ആവശ്യം സ്‌നേഹമാണ് അല്ലാതെ ഡി.എന്‍.എ അല്ലെന്ന് ആ രണ്ടാനുപ്പ നമുക്ക് കാണിച്ചുതരുന്നുണ്ട്.രണ്ടാനച്ഛന്റെ ദൈന്യത ഏറ്റവും മികച്ച രീതിയില്‍ അടയാളപ്പെടുത്തിയ കലാമൂല്യമുള്ള മറ്റൊരു രംഗം ഈ അടുത്തകാലത്തുണ്ടായിട്ടില്ല.
ജീവിതത്തിലെ ഏതു സാഹചര്യത്തിലും സ്‌നേഹവും ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടുന്നവരാണ് രണ്ടാനച്ഛനും രണ്ടാനമ്മയും.സിനിമയിലും നോവലിലും നാം കേട്ടതാവട്ടെ ക്രൂരതയുള്ള രണ്ടാനച്ഛന്മാരെയും രണ്ടാനമ്മമാരെയും കുറിച്ചാണ്.പലര്‍ക്കും സംശയമാണ് സ്വന്തം രക്തത്തില്‍ പിറക്കാത്ത കുഞ്ഞുങ്ങളെ ഒട്ടും സ്‌നേഹിക്കാന്‍ കഴിയില്ല എന്നതില്‍. യഥാര്‍ഥത്തില്‍ ഒരിക്കലും ഇവര്‍ ദുഷ്ടന്മാരല്ല.സ്‌നേഹത്തിന്റെയും സംരക്ഷണത്തിന്റെയും ആള്‍രൂപങ്ങളാണിവര്‍.
രക്തബന്ധം പുലര്‍ത്തുന്നില്ലെങ്കിലും മികച്ച അച്ഛനും അമ്മയുമാകാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട് ഇവര്‍. കുടുംബമെന്ന സന്തോഷത്തില്‍ ഒരിടം കണ്ടെത്താന്‍ കഴിയാതെ പോകുന്നവരാണ് മിക്കവരും. ജന്മം കൊടുത്ത രക്ഷാകര്‍ത്താക്കള്‍ക്ക് ലഭിക്കുന്ന സ്വതന്ത്ര്യമൊന്നും ഇവര്‍ക്ക് ആസ്വദിക്കാന്‍ കഴിയില്ല.
എപ്പോഴും ഓര്‍മപ്പെടുത്തലുകളാണ്. രണ്ടാനച്ഛനാണ്, രണ്ടാനമ്മയാണ് എന്നൊക്കെ. ചിലപ്പോള്‍ തമാശക്ക് പങ്കാളിയില്‍ നിന്നാവാം.സാധാരണ അച്ഛനും അമ്മക്കും സംഭവിക്കുന്ന തെറ്റുകള്‍ പോലും ഇവരില്‍ നിന്നാകുമ്പോള്‍ മഹാപാപങ്ങളായാണ് എല്ലാവരും കരുതുക. സ്‌നേഹമുള്ള രണ്ടാനച്ഛനും രണ്ടാനമ്മയും ആകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
നല്ല മാതാപിതാക്കളാകാനും കുടുംബത്തിന്റെയും കുട്ടികളുടെയും പ്രിയപ്പെട്ടവരാകാനും രണ്ടാനമ്മമാരും രണ്ടാനച്ഛന്മാരും വല്ലാതെ തിടുക്കം കാട്ടും. ഇതു പലപ്പോഴും വലിയ അബദ്ധങ്ങളില്‍ ചാടിക്കും. സ്വന്തം രക്തത്തില്‍ പിറന്ന കുട്ടികളുടെ രക്ഷിതാവാകുമ്പോള്‍ തന്നെ വലിയ പ്രയാസമാണ്. രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണെങ്കില്‍ പറയുകയെ വേണ്ട. ബുദ്ധിമുട്ടിന്റെ കാഠിന്യം കൂടും.കുടുംബത്തിനുള്ളിലും ഇത് പ്രശ്‌നം സൃഷ്ടിക്കും. കുട്ടികളുമായോ പങ്കാളികളുമായോ അസ്വാരസ്യങ്ങളും ഉണ്ടാവാം.
രണ്ടാനച്ഛനും രണ്ടാനമ്മയും നേരിടുന്ന പ്രശ്‌നങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന് തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്കും സ്‌നേഹമുള്ള രണ്ടാനച്ഛനും രണ്ടാനമ്മയുമാവാം.
പുതുപുത്തന്‍കാലത്ത് ജീവിതത്തില്‍ രണ്ടാനുപ്പമാരും രണ്ടാനുമ്മയുമാവുക എന്നത് അത്രയ്ക്ക് പുതുമയുള്ളതൊന്നുമല്ല. എന്നാല്‍, പലരും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്നതിനെ മുന്‍ധാരണയോടെയാണ് സമീപിക്കാറ്.ഫലമോ ഒരിക്കലും ജീവിതത്തില്‍ വിജയിക്കാന്‍ കഴിയാത്ത രണ്ടാനുപ്പമാരും രണ്ടാനുമ്മമാരും ആകാനാവും വിധി.മനസ്സില്‍ എപ്പോഴും ശുഭചിന്തകള്‍ മാത്രമാക്കുക.എങ്കില്‍ ജീവിതത്തില്‍ നമ്മെ തേടിവരുന്നതും നല്ല കാര്യങ്ങളാകും.
സ്‌നേഹമുള്ള രണ്ടാം രക്ഷിതാവാകാന്‍ ചില മാര്‍ഗങ്ങള്‍
- ജീവിതപങ്കാളിയുടെ മികച്ച പിന്തുണ അത്യാവശ്യമാണ്.
- തനിക്ക് രണ്ടാം കിടയിലുള്ള അച്ഛനോ അമ്മയോ ആകുവാനേ അധികാര മുള്ളൂ എന്ന ചിന്ത കളയണം.
- മാതാപിതാക്കള്‍ എന്ന നിലക്കുള്ള ചുമതലകള്‍ മാത്രമല്ല അധികാരവും
ഉണ്ടെന്ന് മനസിലാക്കുക. - നിറവേറ്റുന്ന ചുമതലകള്‍ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താന്‍
ശ്രമിക്കുക. - രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും മറ്റു കുടുംബാംഗങ്ങളും ഇഷ്ടങ്ങളും
ഇഷ്ടക്കേടുകളും തുറന്നു പറയുക. - ഏതു സാഹചര്യത്തിലും തുറന്ന മനസോടെ കാര്യങ്ങളെ കാണാനും തയ്യാ റാക്കിവച്ച തീരുമാനങ്ങളില്‍ മാറ്റം വരുത്താനും ശ്രമിക്കുക.
- കുട്ടികള്‍ക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ മിതത്വം പാലിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."