ജനമോചന യാത്രക്ക് നിലമ്പൂരില്‍ സ്വീകരണം നല്‍കി: 'മോദി ഫാസിസത്തിലേക്ക് നയിക്കുമ്പോള്‍ പിണറായി അക്രമ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നു'
നിലമ്പൂര്‍: മോദി സര്‍ക്കാര്‍ രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ അക്രമ രാഷ്ട്രീയത്തിലേക്ക് സംസ്ഥാനത്തെ തള്ളിയിട്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ജനമോചനയാത്രക്ക് നിലമ്പൂര്‍ ചന്തക്കുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ അക്രമ രാഷ്ട്രീയത്തിനാണ്് നേതൃത്വം നല്‍കുന്നത്. ശുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ ഇനിയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.
യുവാവിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊല ചെയ്തിരിക്കുകയാണ്. കേരളം ഇങ്ങനെ പോകുമ്പോള്‍ ദേശീയതയും വര്‍ഗീയതയും കൂട്ടി കിഴിച്ച് മതാനിഷ്ഠിത രാജ്യമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഹസന്‍ പറഞ്ഞു. 2019ലെ പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയം ഉറപ്പിക്കാനുള്ള തന്ത്രമെന്ന നിലയില്‍ വര്‍ഗീയ കലാപങ്ങള്‍ക്കുള്ള ഗൂഡാലോചന നടന്നുവരികയാണ്. മാസങ്ങളോളം യു.പി.യില്‍ ചെലവഴിച്ച് അമിത് ഷാ നടത്തിയ വര്‍ഗീയ അജണ്ട മുന്നില്‍ നിറുത്തി നടത്തിയ പ്രചരണമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കൂടുതല്‍ എം.പിമാരെ നേടികൊടുത്തത്. രാഷ്ട്രീയ വിജയത്തിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കുപ്രചരണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ യോഗം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ബെന്നി ബെഹനാന്‍, കെ.പി കുഞ്ഞികണ്ണന്‍, കെ.പി അബ്ദുല്‍ മജീദ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എ. ഗോപിനാഥ്, കെ.ടി കുഞ്ഞാന്‍, ഇസ്മാഈല്‍ മൂത്തേടം, എന്‍.എ കരീം, വി.എ കരീം, ബിനോയി പാട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."