സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം വിപുലമായി ആഘോഷിക്കും
കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മെയ് 10 മുതല്‍ 16 വരെ കോഴിക്കോട് ബീച്ചില്‍ വിപുലമായ ഉല്‍പന്ന- പ്രദര്‍ശന- വിപണന മേള നടത്തും. കുടുംബശ്രീ, ആരോഗ്യം, കൃഷി, ഫിഷറീസ്, പി.ആര്‍.ഡി, എസ്.സി, എസ്.ടി, കയര്‍, ടൂറിസം, വ്യവസായം, ഖാദി, ആര്‍ട്ടിസാന്‍സ്, എക്‌സൈസ്, വനം, ആര്‍ക്കിയോളജി, സിവില്‍ സപ്ലൈസ്, പിന്നോക്ക വികസന കോര്‍പറേഷന്‍, കെ.എസ്.ഇ.ബി, അനെര്‍ട്ട് കിര്‍ത്താഡ്‌സ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, സര്‍ഗാലയ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതടക്കം എണ്‍പതോളം സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിക്കും.
മെയ് രണ്ടിന് എല്ലാ വിദ്യാലയങ്ങളിലും യൂനിഫോം- പാഠപുസ്തക വിതരണവും വൃക്ഷത്തൈ വിതരണവും നടക്കും. പഞ്ചായത്തുകള്‍ ഇതിന് മുന്‍കയ്യെടുക്കണമെന്നും എം.എല്‍.എമാര്‍ മേല്‍നോട്ടം വഹിക്കണമെന്നും മന്ത്രി രാമകൃഷ്ണന്‍ നിര്‍ദേശിച്ചു. വാര്‍ഷിക പരിപാടിയുടെ ഭാഗമായി ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കാവുന്ന പദ്ധതികളുടെ വിശദാംശങ്ങളും പ്രദര്‍ശന മേളയില്‍ ആവശ്യമായ സ്റ്റാളുകളുടെ എണ്ണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസറെ ഏപ്രില്‍ 13 ന് മുന്‍പ് അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ കലക്ടര്‍ യു.വി ജോസ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍ കണ്‍വീനറായും സ്വാഗത സംഘം രൂപീകരിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, ജോര്‍ജ് എം. തോമസ്, പുരുഷന്‍ കടലുണ്ടി, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ കലക്ടര്‍ യു.വി ജോസ്, സബ് കലക്ടര്‍ വിഘ്‌നേശ്വരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."