ബി.ജെ.പി ആഗ്രഹിക്കുന്നത് മുസ്‌ലിംകളില്ലാത്ത ഇന്ത്യ: ഖാദര്‍ മൊയ്തീന്‍
തിരുവനന്തപുരം: മുസ്‌ലിംകള്‍ ഇല്ലാത്ത ഇന്ത്യയാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍. രാജ്യത്ത് എല്ലാ ജനവിഭാഗങ്ങള്‍ക്കും ജീവിക്കണമെന്ന സാമാന്യനീതി നരേന്ദ്രമോദിയുടെ ഭരണത്തില്‍ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. മുസ്‌ലിംകള്‍ ആര്‍ക്കും എതിരല്ല. ഒരു സമുദായത്തെയും മുസ്‌ലിംകള്‍ അവഗണിക്കുന്നില്ല. എന്നാല്‍ കുറേക്കാലമായി രാജ്യത്തെ മുസ്‌ലിംകള്‍ അസ്വസ്ഥരാണ്. രാജ്യത്തു ന്യൂനപക്ഷങ്ങള്‍ക്കു ജീവിക്കാനാവാത്ത സാഹചര്യമാണ്. അവര്‍ നിരന്തരമായി വേട്ടയാടപ്പെടുന്നു. ബി.ജെ.പിയുടെ രണ്ടാമത്തെ ഇര രാജ്യത്തെ ദലിത് സമൂഹമാണ്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. അവരെ ശാരീരികമായും മാനസികമായും മുറിവേല്‍പ്പിക്കുന്നു. ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് പുതുമയല്ലാതായി മാറിയിട്ടുണ്ട്.
ന്യൂനപക്ഷങ്ങളെ പോലെ തന്നെ ദലിതുകളെയും രാജ്യത്തുനിന്ന് തുടച്ചുനീക്കാനാണ് ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നത്. അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മോദി വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സിറാജ് ഇബ്രാഹിം സേട്ട്, എസ്. നയിം അക്തര്‍, ഖുറം അനീസ് ഉമര്‍, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ലീഗിന്റെ സഖ്യങ്ങള്‍ യു.പി.എ നയമനുസരിച്ച്: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം ലീഗ് ഉണ്ടാക്കുന്ന സഖ്യങ്ങള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താത്ത വിധത്തിലും യു.പി.എയുടെ നയം അനുസരിച്ചുമായിരിക്കുമെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുമായും മറ്റു മതേതര കക്ഷികളുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ മുസ്‌ലിംലീഗ് തീരുമാനിച്ചിട്ടുണ്ട്. ലീഗ് യു.പി.എയില്‍ അംഗമാണ്. അതുകൊണ്ടുതന്നെ യു.പി.എക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ നയത്തിന് വിരുദ്ധമായ സഖ്യത്തില്‍ ലീഗ് ഏര്‍പ്പെടില്ല.
കര്‍ണാടകയില്‍ കോണ്‍ഗ്രസിനു വിജയസാധ്യത കൂടുതലാണ്. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന തരത്തില്‍ ചില സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് തെറ്റാണ്.
രാജ്യത്താകെ മതേതര കക്ഷികള്‍ ഒരുമിച്ചു മുന്നോട്ടുപോകുമ്പോള്‍ ഇടതുപക്ഷം ശത്രുവിനെ തിരിച്ചറിയാതെ പോകുന്നത് കഷ്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."