റേഡിയോ ജോക്കിയുടെ കൊല: അപ്പുണ്ണിക്കായി വലവിരിച്ച് പൊലിസ്
തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി കായംകുളം സ്വദേശി അപ്പുണ്ണിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ ഒന്നാം പ്രതിയും വിദേശവ്യവസായിയുമായ അബ്ദുല്‍ സത്താറില്‍ നിന്ന് അപ്പുണ്ണിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതായും പൊലിസിന് വിവരം ലഭിച്ചു.
ഒളിവില്‍ കഴിയാന്‍ ആവശ്യമായ പണം സത്താര്‍ അയച്ചുകൊടുത്തതിനുള്ള തെളിവുകളും പൊലിസിന് ലഭിച്ചതായാണ് വിവരം.
കൊലയ്ക്കുശേഷം ചെന്നൈയില്‍ എത്തി മുങ്ങിയ കേസിലെ മൂന്നാംപ്രതി അപ്പുണ്ണി ഇന്റര്‍നെറ്റ് കോളുകള്‍ വഴി ഖത്തറിലുള്ള സത്താറുമായി ബന്ധപ്പെടുന്നുണ്ടെന്ന സൂചനയും പൊലിസിന് ലഭിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയാണ് അപ്പുണ്ണിയുടെ സഞ്ചാരമെങ്കിലും ഒളിത്താവളങ്ങള്‍ മാറിമാറി കഴിയുന്ന ഇയാള്‍ പലസ്ഥലങ്ങളില്‍ നിന്നായി സത്താറിനെ ബന്ധപ്പെടുന്നുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. അപ്പുണ്ണിയുടെ സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.
ഖത്തര്‍ വ്യവസായി സത്താറും കുടുംബ സുഹൃത്ത് സ്വാലിഹും ചേര്‍ന്ന് രാജേഷിനെ കൊലപ്പെടുത്താനുള്ള തീരുമാനം എടുത്തശേഷം മൂന്നുമാസം മുന്‍പ് ഇതിനായി ആദ്യം ബന്ധപ്പെട്ടത് അപ്പുണ്ണിയെയാണ്. അപ്പുണ്ണിയ്ക്ക് തക്കതായ പ്രതിഫലം നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ഇവര്‍ പദ്ധതി തയാറാക്കാനും ഇയാളെ നിയോഗിച്ചു. മുന്‍പ് ഒരു കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അപ്പുണ്ണിയുടെ ആസൂത്രണ പ്രകാരമായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍.
അപ്പുണ്ണിയുടെ നിര്‍ദേശമനുസരിച്ചാണ് സ്വാലിഹ് നേപ്പാള്‍ വഴി നാട്ടിലെത്തി ഓപ്പറേഷനില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ വിമാനമിറങ്ങിയാല്‍ പാസ്‌പോര്‍ട്ട് പരിശോധിക്കുമ്പോള്‍ പൊലിസിന് പിടികൂടാന്‍ കഴിയുമെന്നതാണ് ഈ ഉപദേശത്തിന് പിന്നില്‍.
ബംഗളൂരുവില്‍ നിന്ന് കാര്‍ വാടകയ്‌ക്കെടുത്ത് നാട്ടിലെത്തി കൃത്യം നടത്തി മടങ്ങാനായിരുന്നു സംഘം ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ വാഹനം വാടകയ്‌ക്കെടുക്കാന്‍ സ്വാലിഹിന്റെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടതും റെന്റ് എ കാറുകള്‍ കര്‍ണാടകത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയാത്തതിനാലുമാണ് നാട്ടില്‍ നിന്ന് വാഹനം തരപ്പെടുത്തിയത്.
കൃത്യത്തിനായി വാഹനവും ആയുധങ്ങളും കൂട്ടാളികള്‍ക്ക് ബംഗളൂരുവില്‍ താമസസൗകര്യം തരപ്പെടുത്തിയതെല്ലാം അപ്പുണ്ണിയുടെ ചുമതലയിലാണ്. അതിനാല്‍ എത്രയും പെട്ടെന്ന് അപ്പുണ്ണിയെ പിടികൂടുകയാണ് പൊലിസിന്റെ ലക്ഷ്യം.
അപ്പുണ്ണിയ്ക്കായി തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മൂന്ന് പൊലിസ് സംഘങ്ങള്‍ തിരച്ചിലിലാണ്. കര്‍ണാടകയിലേയും മഹാരാഷ്ട്രയിലേയും വിവിധ സ്ഥലങ്ങളില്‍ മുന്‍പ് ജോലിചെയ്തിട്ടുള്ള അപ്പുണ്ണി ഇവിടങ്ങളിലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയാകാം ഒളിച്ചു കഴിയുന്നതെന്നാണ് പൊലിസിന്റെ സംശയം. ഇയാളുടെ സുഹൃത്തുക്കളില്‍ പലരും നിരീക്ഷണത്തിലാണ്.
അതേസമയം, ഖത്തറിലെ വ്യവസായി സത്താറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേന റെഡ്‌കോര്‍ണര്‍ നോട്ടിസിലൂടെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലിസ് തുടങ്ങി. ഇയാള്‍ക്ക് ഖത്തറില്‍ പണമിണടപാടുമായി ബന്ധപ്പെട്ട് കേസുള്ളതിനാല്‍ യാത്രാ വിലക്കുണ്ട്. അത് തീര്‍ത്ത് ഇയാളെ നാട്ടിലെത്തിക്കാനാണ് പൊലിസ് ശ്രമം.
കേസിലെ പ്രധാന സാക്ഷിയായ നൃത്താധ്യാപികയും സത്താറിന്റെ ഭാര്യയുമായിരുന്ന യുവതിയോടും അന്വേഷണവുമായി സഹകരിക്കാന്‍ പൊലിസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. സഫിയയുടെ മൊഴി രേഖപ്പെടുത്താനും ചില തെളിവുകള്‍ ശേഖരിക്കാനുമായി ഇവരോട് നാട്ടിലെത്താന്‍ പൊലിസ് ആവശ്യപ്പെട്ടു.
വാള്‍ നല്‍കിയ യുവാവ് അറസ്റ്റില്‍
കിളിമാനൂര്‍: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെക്കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മുളവന വില്ലേജില്‍ കാഞ്ഞിരോട് ചേരിയില്‍ മുക്കട പനയംകോട് പുത്തന്‍ വീട്ടില്‍ എബി ജോണ്‍ (27) ആണ് അറസ്റ്റിലായത്. കേസിലെ പ്രതി സനുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വാളുകളില്‍ ഒന്ന് എബി ജോണ്‍ ആണ് പ്രതികള്‍ക്ക് നല്‍കിയതെന്ന് പൊലിസ് പറഞ്ഞു. പ്രതികളില്‍ ഒരാളുടെ സുഹൃത്ത് കൂടിയാണ് എബി ജോണ്‍. ഇതോടെ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. കേസില്‍ രണ്ടു പ്രതികളെ ഇനിയും പിടികൂടാനുണ്ട്. അറസ്റ്റിലായ എബി ജോണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."