മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം; നട്ടംതിരിഞ്ഞ് പൊതുജനം
ഈരാറ്റുപേട്ട: ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അറ്റക്കുറ്റപ്പണികളുടെ പേരില്‍ മണിക്കൂറുകളോളം പലയിടത്തും വൈദ്യുതി തടസപ്പെടുന്നു. ചൂട് കൂടുതലുള്ള സമയമായതിനാല്‍ വൈദ്യുതി മുടക്കംമൂലം നട്ടം തിരിഞ്ഞുവെന്നു നാട്ടുകാര്‍ പറയുന്നു.
കാറ്റ് ചെറുതായൊന്ന് അടിച്ചാലോ മഴ ചാറിയാലോ വൈദ്യുതി പോകുന്ന അവസ്ഥയാണു നാട്ടില്‍. വ്യാപാരികളാണു പ്രധാനമായും ബുദ്ധിമുട്ടിലാകുന്നത്. വൈദ്യുതിയെ ആശ്രയിച്ചു മാത്രം മുന്നോട്ടുപോകുന്ന വ്യാപാര സ്ഥാപനങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് സ്ഥിരവരുമാനത്തെ ബാധിക്കുന്നതായി പരാതിയുണ്ട്.
കൊണ്ടൂരില്‍ രാത്രിയിലും പകലിലും വൈദ്യുതി മുടങ്ങുന്നത് നിത്യസംഭവമാണ്. 11 കെ.വി ലൈനുകള്‍ ഉള്‍പ്പെടെ കടന്നു പോകുന്നത് തോട്ടങ്ങളിലൂടെയാണ്. ഈരാറ്റുപേട്ട സബ് സ്റ്റേഷനില്‍നിന്നു റോഡില്‍ക്കൂടി ലൈന്‍ വലിച്ചാല്‍ മൂന്നര കിലോമീറ്റര്‍ ദൂരം മാത്രമാണു കൊണ്ടൂരിലേക്കുള്ളത്. എന്നാല്‍, റബര്‍ത്തോട്ടങ്ങളിലൂടെ പത്തിലേറെ കിലോമീറ്റര്‍ കടന്നാണ് ഇപ്പോള്‍ ഇവിടെ വൈദ്യുതി എത്തുന്നത്. ഇവിടുത്തെ വൈദ്യുതി മുടക്കത്തിനു പരിഹാരമായി ബ്ലോക്ക് ഓഫിസിനു സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് മെയിന്‍ റോഡിലൂടെ 11 കെ.വി ലൈന്‍ വലിക്കാന്‍ അനുമതിയായെങ്കിലും തുടര്‍ നടപടികളൊന്നുമായില്ല.
കാറ്റും മഴയും തുടങ്ങിയതോടെ തീക്കോയി സെക്ഷന്‍ പരിധിയില്‍ വരുന്ന നടയ്ക്കല്‍, കീരിയാത്തോട്ടം, ആനിയിളപ്പ്, തേവരുപാറ എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുന്നു. മരങ്ങള്‍ക്കിടയിലൂടെയുള്ള വൈദ്യുതി ലൈനുകളാണ് പ്രദേശത്തു തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനു കാരണമെന്ന് അധികൃതരുടെ വിശദീകരണം.
ഇനിയെങ്കിലും വൈദ്യുതി മുടക്കത്തിന് അടിയന്തര നടപടിയെടുക്കാന്‍ വൈദ്യുതി വകുപ്പു തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."