തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നു
മാള: പൊയ്യ പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ കൊപ്രകളം റോഡിനു സമീപത്തെ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തുന്നു. പുലര്‍ച്ചെ ടിപ്പര്‍ ലോറികള്‍ രഹസ്യമായെത്തിയാണു മണ്ണിട്ടു നികത്തല്‍ നടത്തിയത്. നേരത്തെ പൊക്കാളി കൃഷി നടന്നിട്ടുള്ള തണ്ണീര്‍ത്തടങ്ങളാണു ഇവിടെ നികത്തുന്നത്. കൊപ്രകളം റോഡില്‍ നിന്നും വര്‍ധിച്ച തോതില്‍ മാലിന്യ നിക്ഷേപം നടക്കുന്നതായാണു ഉടമ പറയുന്നു. അസഹ്യമായ മാലിന്യത്തിന്റെ ദുര്‍ഗന്ധം മൂലമാണു മണ്ണിട്ടതെന്നാണു വിശദീകരണം.
മണ്ണിട്ടു മാലിന്യ നിക്ഷേപം നിലച്ചു പോകുന്നതിനു വേണ്ടിയാണു തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതെന്നും ആവശ്യമെങ്കില്‍ മണ്ണു നീക്കം ചെയ്യുമെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ ഇദ്ദേഹം അധികൃതര്‍ക്കു പരാതി നല്‍കിയിട്ടില്ല. നടപടിയെടുക്കാതെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുകയാണ്. പൊയ്യ ചെന്തുരുത്തി വഴികൊടുങ്ങല്ലൂരിലേക്കുള്ള വഴിയാണിത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന റോഡിനു അരികില്‍ ഹെക്ടര്‍ കണക്കിനു തണ്ണീര്‍തടങ്ങള്‍ ഉണ്ട്. ചെമ്മീന്‍ കെട്ടുകളും വിവിധയിനം മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. തീരദേശ പ്രദേശമാണ്.
കാര്യമായ എതിര്‍പ്പുകള്‍ പ്രദേശ വാസികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇതു ഭൂമാഫിയകള്‍ക്കു എളുപ്പമായതായി അഭിപ്രായമുണ്ട്. പഞ്ചായത്തിലെ തന്നെ എരട്ട പടി, മടത്തുംപടി, തിരുമുക്കുളം ഭാഗങ്ങളില്‍ നിന്നുമാണു വന്‍തോതില്‍ മണ്ണു എത്തുന്നത്. വ്യാപകമായ തോതില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയിട്ടും അധികൃതര്‍ എത്തിനോക്കിയിട്ടില്ലെന്നു ആരോപണമുണ്ട്. അനധികൃത നികത്തലിനെതിരേ സമരങ്ങള്‍ നടത്തിയ എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം കൈയ്യാളിയിട്ടും സന്ദര്‍ശനമോ അന്വേഷണമോ നടത്താത്തതില്‍ ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."