വീടുനിര്‍മാണ അനുമതി: ഭൂമിയുടെ തരംമാറ്റല്‍ പ്രയാസം സൃഷ്ടിക്കുമെന്നു മലപ്പുറം നഗരസഭ
മലപ്പുറം: ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിനു ഭൂമിയുടെ തരം പുരയിടം എന്നാക്കാനുള്ള നിര്‍ദേശം വീടുനിര്‍മാണങ്ങളെ ബാധിക്കുമെന്നു മലപ്പുറം നഗരസഭ. വില്ലേജ് രേഖയില്‍ പേരു മാറ്റാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ ഇതിനു വില്ലേജ് ഓഫിസര്‍മാര്‍ക്ക് അനുമതിയുമില്ലെന്നിരിക്കെ, നഞ്ച പ്രദേശമായി രേഖകളിലുളള പല സ്ഥലങ്ങളിലും സാങ്കേതിക തടസം കാരണം വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനം തടസമാകുമെന്നു കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
ഇലക്ട്രോണിക് മോട്ടോര്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവിഭാഗം അനുമതി ലഭിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കൂടി വേണമെന്ന തീരുമാനവും പ്രയാസകരമാവും. ഇവരണ്ടിലും അതൃപ്തി ബന്ധപ്പെട്ടവരെ അറിയിക്കും. വലിയതോട് ശുദ്ധജല സ്രോതസിലേക്ക് ക്വാട്ടേഴ്‌സുകളിലെ മലിനജലം ഒഴുക്കുന്നത് തടയും. തോട്ടിലേക്ക് മലിനജലം പുറത്തുകളയാനുള്ള നേരത്തെയുള്ള അനുമതി റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു. പരാതിക്കിടയായവരോട് ഏഴുദിവസതത്തിനകം മാലിന്യസംസ്‌കരണത്തിനു മാര്‍ഗമൊരുക്കാനും കൗണ്‍സില്‍ യോഗം നിര്‍ദേശിച്ചു.
വീടുകളില്‍നിന്നും പ്ലാസ്റ്റിക് കവറുകള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ ആരോഗ്യസേന വളണ്ടിയര്‍മാര്‍രുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തും. ചണ സഞ്ചി പല വീടുകളിലും ഉപയോഗിക്കാത്തതും ഇതിനായി വലിയ സാമ്പത്തിക ബാധ്യത വരുന്നതും കാരണം പുതിയവ വിതരണം ചെയ്യില്ല. പ്ലാസ്റ്റിക് ശേഖരിക്കാന്‍ നേരത്തെ നല്‍കിയിരുന്ന ചണ സഞ്ചിക്കു പകരം വീട്ടുകാരുടെ നേതൃത്വത്തില്‍ തന്നെ ശേഖരിക്കാന്‍ നിര്‍ദേശിച്ചു. വാഹനങ്ങളിലും കടകളിലും കച്ചവടക്കാര്‍ക്ക് പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കും. വാര്‍ഡ് സഭകള്‍ ഉടന്‍ ചേരും. കേടായ തെരുവ് വിളക്കുകള്‍ക്ക് പകരം പുതിയ 300 എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കും.
രാജ്യത്തെ ഞട്ടിച്ച കത്‌വാ പീഡനക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കൗണ്‍സില്‍ ഐക്യകണ്‌ഠ്യേന ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."