ഇവിടെയും വില്ലന്‍ പുതിയ അലൈന്മെന്റ്!
തിരൂരങ്ങാടി: വെളിമുക്ക് പടിക്കലിനടുത്തു തെക്കേ പടിക്കല്‍ ചേനാത്തു മുഹമ്മദ്കുട്ടിയുടെ ഭാര്യ ശരീഫയും മുഹമ്മദ്കുട്ടിയുടെ സഹോദരന്റെ ഭാര്യ കുഞ്ഞാച്ചുമ്മയും ഇപ്പോള്‍ വിഷമസ്ഥിതിയിലാണ്. മൂന്നു വര്‍ഷം മുന്‍പു നാല്പതു ദിവസങ്ങളുടെ ഇടവേളയിലാണ് ഇരുവരുടെയും ഭര്ത്താക്കന്മാര് മരിച്ചത്.
രണ്ടു വിധവകളുടെയും വീടും സ്ഥലവും വരുമാന മാര്‍ഗ്ഗങ്ങളുമെല്ലാം ദേശീയപാതാ വികസനത്തില്‍ നഷ്ടപ്പെടുകയാണ്. ഗള്‍ഫില്‍ ഡ്രൈവറായിരുന്ന മുഹമ്മദ്കുട്ടിയുടെ ഏക സമ്പാദ്യമാണ് 12 സെന്റ് ഭൂമിയും ചെറിയൊരു വീടും.
സര്‍വേയില്‍ ഭൂമിയുടെ മുക്കാല്‍ ഭാഗവും വീട് പൂര്‍ണമായും നഷ്ടപ്പെടും. സുമനസുകളുടെ കനിവിലാണ് ഇവര്‍ ജീവിക്കുന്നത്. ഒന്‍പതിലും ഏഴിലും പഠിക്കുന്ന മക്കളുടെ വിദ്യാഭ്യാസം കഷ്ടപ്പെട്ടാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.
നേരത്തെ തയാറാക്കിയ രണ്ട് അലൈന്‍മെന്റുകളിലും ശരീഫയുടെ ഭൂമിയോ വീടോ ഉള്‍പ്പെട്ടിരുന്നില്ല. മുഹമ്മദ്കുട്ടിയുടെ സഹോദരന് കോയയുടെ വീടും സ്ഥലവും മുഴുവനായി നഷ്ടപ്പെടും. കോയ മരിച്ചതോടെ ഭാര്യ കുഞ്ഞാച്ചുമ്മയും ഏക മകളും തനിച്ചാണ്. ആദ്യ അലൈന്മെന്റില് വീടിന്റെ മുറ്റവും രണ്ടാമത്തേതില്‍ വീടിന്റെ ചെറിയഭാഗവും മാത്രമേ നഷ്ടപ്പെടുമായിരുന്നുള്ളൂ. പുതിയ അലൈന്മെന്റില് വീടും ഭൂമിയും മുഴുവനായി നഷ്ടപ്പെടും. കൂടാതെ ഇവരുടെ ഭൂമിയില്‍ സ്വകാര്യ വ്യക്തി സ്ഥാപിച്ച ഗോഡൗണും നഷ്ടപ്പെടും. ഗോഡൗണിന്റെ വാടകയായിരുന്നു ഈ കുടുംബത്തിന്റെ ഏക വരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."