ദേശീയപാത വികസനം: ചേലേമ്പ്രയില്‍ അലൈന്‍മെന്റ് അട്ടിമറിച്ചതാര്?
ചേലേമ്പ്ര: ചേലേമ്പ്ര പഞ്ചായത്തില്‍ ദേശീയപാതയ്ക്കായി നേരത്തേ തയാറാക്കിയ അലൈന്‍മെന്റ് അട്ടിമറിച്ചു പുതിയ അലൈന്‍മെന്റില്‍ സര്‍വേ നടത്താന്‍ ഗ്രാമപഞ്ചായത്ത് സ്വകാര്യമായി അനുമതി നല്‍കിയത് ഉന്നതരുടെ വന്‍കിട കെട്ടിടങ്ങളും പാര്‍ട്ടി ഓഫിസിനു ദാനമായി ലഭിച്ച ഭൂമിയും സംരക്ഷിക്കാനെന്ന് ആരോപണം.
എല്‍.ഡി.എഫും യു.ഡി.എഫിന്റെ റിബലായി മത്സരിച്ചു വിജയിച്ചവരും സംയുക്തമായുള്ള ജനകീയ വികസന മുന്നണിയാണ് ചേലേമ്പ്ര പഞ്ചായത്തില്‍ ഭരണം നടത്തുന്നത്.
മുന്നണിയിലെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനടക്കമുള്ള ഭൂരിഭാഗം ജനപ്രതിനിധികളും അറിയാതെയാണ് പ്രസിഡന്റ് ഉള്‍പ്പെടുന്ന സി.പി.എം അംഗങ്ങള്‍ പുതിയ അലൈന്‍മെന്റില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയതെന്നാണ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് പാറയിലും ജനകീയ വികസന മുന്നണി ചെയര്‍മാന്‍ സി.പി ഷബീറലിയും പറയുന്നത്.
ജനവാസം കുറഞ്ഞതും കൂടുതല്‍ സ്ഥാപനങ്ങളും വീടുകളും നഷ്ടപ്പെടാത്ത രീതിയിലുള്ളതുമായ അലൈന്‍മെന്റ് പ്രകാരം സര്‍വേ നടത്തണമെന്നായിരുന്നു പഞ്ചായത്ത് ബോര്‍ഡ് യോഗത്തിലെ തീരുമാനമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, സി.പി.എമ്മിന്റെ പാര്‍ട്ടി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജനങ്ങള്‍ക്ക് ഏറെ ദോഷകരമാകുംവിധം അലൈന്‍മെന്റില്‍ നടത്തിയ അട്ടിമറി ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ പൊട്ടിത്തെറിക്കു കാരണമായിട്ടുണ്ട്.
ഇരകള്‍ നടത്തുന്ന കുടില്‍ കെട്ടി സമരത്തിനു പിന്തുണ നല്‍കേണ്ടതില്ലെന്ന ഭരണകക്ഷി തീരുമാനം ലംഘിച്ചു ജനകീയ വികസന മുന്നണിയിലെ ജനപ്രധിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലിലെത്തിയിരുന്നു. പുതിയ അലൈന്‍മെന്റില്‍ സര്‍വേ നടന്നാല്‍ പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ഇടിമൂഴിക്കല്‍ അങ്ങാടിയിലെ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റപ്പെടും. ടൗണിനോടു ചേര്‍ന്നുള്ള ആരാധനാലയങ്ങളും പ്രദേശത്തെ അറുപതോളം വീടുകളും കൃഷിസ്ഥലങ്ങളും ഇല്ലാതാകും.
എന്നാല്‍, പുതിയ അലൈന്‍മെന്റ് നടപ്പിലാക്കുകവഴി ഒരു ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭൂമിയും ചേലേമ്പ്രയില്‍ സി.പി.എമ്മിനു പാര്‍ട്ടി മന്ദിരം നിര്‍മിക്കാന്‍ ദാനമായി ലഭിച്ച അഞ്ചു സെന്റ് ഭൂമിയും സംരക്ഷിക്കപ്പെടുമെന്നാണ് ഇരകള്‍ പറയുന്നത്.
പാര്‍ട്ടിക്ക് ഈ ഭൂമി ദാനമായി ലഭിച്ചത് ഏതടിസ്ഥാനത്തിലാണെന്ന് പരിശോധിക്കണമെന്നും ഇരകള്‍ ആവശ്യപ്പെടുന്നു.
കാക്കഞ്ചേരിയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടപ്പോള്‍ ഇവിടെ ദേശീയപാതയ്ക്കരികെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വന്‍കിട കമ്പനിയുടെ ആഭരണ നിര്‍മാണശാല അലൈന്‍മെന്റില്‍ ഉള്‍പ്പെടുത്താതെ സംരക്ഷിച്ചതായും ആരോപണമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."