കേസില്‍ പരാജയപ്പെട്ടത് ജമാഅത്തെ ഇസ്‌ലാമിയുടെ അനാസ്ഥയാല്‍
തൃശൂര്‍: സൈമണ്‍ മാസ്റ്ററുടെ (മുഹമ്മദ് ഹാജി) മൃതദേഹം ബന്ധുക്കളുടെ ആഗ്രഹപ്രകാരം മെഡി. കോളജിന് വിട്ടുകൊടുത്ത ഹൈക്കോടതി നടപടി ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള മഹല്ലുഭാരവാഹികളുടെ നിലപാട് മൂലം. സൈമണ്‍ മാസ്റ്റര്‍ ഇസ്‌ലാംമത വിശ്വാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാക്കാതിരുന്ന കാതിയാളം മഹല്ല് ഭരണസമിതി സൈമണ്‍ മാസ്റ്ററുടെ വസിയ്യത്തിന് വിരുദ്ധമായ നടപടിയാണ് കൈക്കൊണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള മഹല്ല് കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം പള്ളിയിലേക്ക് മാസ വരിസംഖ്യ അടച്ചതിന്റെ രസീതും മരണ ശേഷം കാതിയാളം ജുമാമസ്ജിദില്‍ ഖബറടക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തും മാസ്റ്ററുടെ യഥാര്‍ഥ ഒപ്പിന്റെ പകര്‍പ്പും കോടതിയില്‍ മഹല്ല് അധികൃതര്‍ ഹാജരാക്കിയിരുന്നില്ല. മാത്രവുമല്ല, മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുകയാണെന്ന് ബന്ധുക്കള്‍ നേരത്തേ നിലപാടെടുത്തതോടെ മഹല്ല് ഭാരവാഹികള്‍ ആദ്യം കണ്ണടച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം തൃശൂര്‍ മെഡിക്കള്‍ കോളജിന് വിട്ടുകൊടുത്തത്.
മുഹമ്മദ് ഹാജിയുടെ മൃതദേഹം അദ്ദേഹത്തിന്റെ വസിയ്യത്ത് പ്രകാരം മറവ് ചെയ്യാത്തത്തില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം നിലനിന്നിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പരാതി നല്‍കി. ജമാഅത്തെ ഇസ്‌ലാമിയുടെ ഉന്നത നേതാക്കളെ അനുഭാവികളടക്കമുള്ളവര്‍ വിളിച്ച് വിവരം ധരിപ്പിച്ചിരുന്നെങ്കിലും മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്താലും ആത്മാവിന് ദോഷം സംഭവിക്കില്ലെന്നായിരുന്നു നേൃത്വത്തിന്റെ നിലപാട്. മയ്യിത്ത് നിസ്‌കരിച്ച് വിഷയം അവസാനിപ്പിച്ച മഹല്ല് നേതൃത്വത്തിന്റെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ മഹല്ല് ഭാരവാഹികളും കേസ് നല്‍കാന്‍ നിര്‍ബന്ധിതരായി. ഇത് സംബന്ധിച്ച് 'സുപ്രഭാതം' പരമ്പര പ്രസിദ്ധീകരിക്കുകയും നിയമരംഗത്തെ പ്രമുഖരടക്കം പ്രതികരിക്കുകയും ചെയ്തിരുന്നു.
ഒരേ വിഷയത്തില്‍ ഇരുകക്ഷികളും നല്‍കിയ ഹരജികള്‍ ഒന്നിച്ച് പരിഗണിച്ച ഹൈക്കോടതി എതിര്‍ഭാഗത്തിന് നോട്ടിസ് അയച്ചു. എതിര്‍ഭാഗം കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് എതിര്‍കക്ഷികളുടെ വീട്ടിലേക്ക് സ്‌പെഷല്‍ മെസഞ്ചറെ അയച്ചാണ് വിളിച്ചുവരുത്തിയത്. എതിര്‍ സത്യവാങ്മൂലത്തില്‍ സൈമണ്‍ മാസ്റ്റര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെന്നും ഹജ്ജ് ചെയ്തിട്ടില്ലെന്നും മുഹമ്മദ് ഹാജി എന്ന് അറിയപ്പെട്ടിരുന്നില്ലെന്നും വീട്ടുകാര്‍ വാദിച്ചു. അദ്ദേഹം പ്രദേശത്തെ റഹ്മത്ത് മസ്ജിദിന്റെ നിര്‍മാണത്തിലും പരിപാലനത്തിലും പങ്ക് വഹിച്ചുവെന്ന യാഥാര്‍ഥ്യവും അവര്‍ നിഷേധിച്ചു.
ക്രിസ്തീയ വിശ്വാസമനുസരിച്ചാണ് സൈമണ്‍ മാസ്റ്റര്‍ ജീവിച്ചിരുന്നതെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. ഇതിനെതിരേ ഒരു എതിര്‍സത്യവാങ്മൂലം നല്‍കാന്‍ പോലും മഹല്ല് ഭാരവാഹികള്‍ തയാറായില്ല. അദ്ദേഹത്തിന്റെ മഹല്ല് അംഗത്വ രേഖകളും 2017 ലെ അവസാനം വരെയുളള വരിസംഖ്യ രശീതും ഉള്‍പ്പെടെ കൈവശമുള്ള മഹല്ല് കമ്മിറ്റി കേസില്‍ കക്ഷിയായ സുഹൃത്തുക്കള്‍ക്ക് രേഖകളുടെ പകര്‍പ്പ് പോലും നല്‍കിയില്ല. ജമാഅത്തെ ഇസ്‌ലാമി നേതാക്കളായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുജീബ് റഹ്മാന്‍ തുടങ്ങിയവരോട് മഹല്ലില്‍ നിന്ന് രേഖകള്‍ ലഭ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ സമീപിച്ചിരുന്നു. എന്നാല്‍ രേഖകള്‍ വിട്ടു തരില്ലെന്നായിരുന്നു അവരുടെ നിലപാട്. കേസിന്റെ ആരംഭത്തില്‍ നല്‍കിയ എഴുതി തയാറാക്കിയ പരാതിയല്ലാതെ മഹലിന്റെ ഭാഗത്ത് നിന്നും ഒന്നും കോടതിയില്‍ എത്തിയിരുന്നില്ല.
ഇതോടെ സുഹൃത്തുക്കള്‍ എതിര്‍ഭാഗം നല്‍കിയ സത്യവാങ് മൂലത്തിലെ വൈരുധ്യങ്ങളും ഹജ്ജിന് പോയതിനെക്കുറിച്ച് സൈമണ്‍ മാസ്റ്റര്‍ തന്നെ വിവരിച്ച വിഡിയോ അഭിമുഖവും അറബ് ന്യൂസിന് നല്‍കിയ മറ്റൊരു വാര്‍ത്തയും കോടതിയില്‍ ഹാജരാക്കി. അദ്ദേഹം എഴുതിയ ജീവിതാനുഭവം ഉള്‍പ്പെടെ നാലു പുസ്തകവും 2017 ലെ നോമ്പിന് എസ്.ഐ.ഒ കാതിയാളം യൂനിറ്റിന് വേണ്ടി അദ്ദേഹം എഴുതിയ ലേഖനവും റിട്ട് പെറ്റിഷനില്‍ സുഹൃത്തുക്കള്‍ ഉള്‍പെടുത്തിയിരുന്നു. മാത്രമല്ല, തെളിവുകള്‍ ശേഖരിക്കാന്‍ മഹല്ലിന്റെ അധികാരിയെന്ന നിലയ്ക്ക് മുതവല്ലിയെ വിളിച്ചു വരുത്തണമെന്ന് റിട്ട് പെറ്റീഷനില്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ കോടതി ആവശ്യപ്പെട്ടിട്ടും മഹല്ലിന്റെ ഉത്തരവാദിത്വപ്പെട്ടവരെ ഹാജരാക്കാന്‍ മഹല്ല് നേതൃത്വം തയാറായില്ല. മഹല്ലില്‍ മുതവല്ലി പദവി ഇല്ലെന്നും പ്രസിഡന്റ് പദവിയാണ് ഉള്ളതെന്നുമായിരുന്നു മഹല്ലിന്റെ മറുപടി. കോടതിയില്‍ ഹാജരായി നേരിട്ട് മൊഴിയും മഹല്ല് രേഖകളും നല്‍കാനുളള അവസരമാണ് ഇതിലൂടെ മഹല്ല് പ്രസിഡന്റ് പാഴാക്കിയത്.
മാത്രമല്ല, സൈമണ്‍ മാസ്റ്ററുടെ കത്ത് എന്ന വ്യാജേന വീട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ കൊടുത്ത കത്തിലെ ഒപ്പും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള രേഖയിലെ ഒപ്പുകളും വ്യത്യാസമുണ്ടെന്ന് തെളിവ് സഹിതം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ബന്ധുക്കള്‍ നല്‍കിയ കത്തിലെ ഒപ്പ് മാഷിന്റേത് തന്നെയെന്നായിരുന്നു മഹല്ല് അഭിഭാഷകന്റെ നിലപാട്. ആ കാലത്ത് മാസ്റ്റര്‍ക്ക് ഓര്‍മ കുറവുണ്ടെന്നും മഹല്ല് അഭിഭാഷകന്‍ വാദിച്ചു. മഹല്ലിന്റെ ഇത്തരം നിലപാടുകളും ചില ഇടപെടലുകളുമാണ് കേസില്‍ വിപരീത ഫലമുണ്ടാക്കിയത്.
അതേസമയം, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് സുഹൃത്തുക്കളുടെ തീരുമാനം. മൃതദേഹം തല്‍സ്ഥിതിയില്‍ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."