വെടിക്കെട്ടപകടത്തില്‍ യുവാവ് മരിച്ചു നാലു പേര്‍ക്ക് പരുക്ക് രണ്ടുപേരുടെ നില ഗുരുതരം
അങ്കമാലി: കറുകുറ്റിയില്‍ പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ യുവാവ് മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കറുകറ്റി മുല്ലപ്പറമ്പന്‍ വീട്ടില്‍ സാജുവിന്റെ മകന്‍ സൈമണ്‍ (24) ആണ് മരിച്ചത്.
കറുകുറ്റി സ്വദേശികളായ പറമ്പി വീട്ടില്‍ മെല്‍ജോ പൗലോസ്(30), പറോക്കാരന്‍ വീട്ടില്‍ ജെഫിന്‍ ജോസ്(30), പൈനാടത്ത് വീട്ടില്‍ ജസ്റ്റിന്‍ ജെയിംസ്(14), പറോക്കാരന്‍ വീട്ടില്‍ ജോയല്‍ ബിജു(12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മെല്‍ജോ,ജെഫിന്‍ എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്്‌ളവര്‍ ആശുപത്രിയിലും ജസ്റ്റിന്‍, ജോയല്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജസ്റ്റിന്‍,ജോയല്‍ എന്നിവരുടെ നിലഗുരുതരമാണ്. ഇരുവരും വിദ്യാര്‍ഥികളാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കറുകുറ്റി മാമ്പ്ര അസീസി നഗര്‍ കപ്പേളയില്‍ തിരുനാളിന്റെ ഭാഗമായാണ് വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിനിടെ പടക്കശേഖരത്തിലേക്ക് തീപടര്‍ന്നാണ് അപകടം.
നാട്ടുകാരുടെ നേതൃത്വത്തിലാണ് വെടിക്കെട്ട് നടത്തിയത്. കപ്പേളയ്ക്ക് സമീപം റോഡിന് നടുവിലിട്ട് പടക്കം പൊട്ടിക്കുകയായിരുന്നു. സമീപത്തുള്ള അസീസി നഗര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കെട്ടിടത്തിലായിരുന്നു പടക്കശേഖരം സൂക്ഷിച്ചിരുന്നത് . ഈ കെട്ടിടത്തില്‍ നിന്നും പടക്കം യുവാക്കള്‍ നിരന്ന് നിന്ന് കൈമാറി കൊടുക്കുകയായിരുന്നു. ഇതിനിടെ തീപ്പൊരി വീണ് കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്കും തീപടര്‍ന്നു. കെട്ടിടത്തിനകത്ത് നിന്ന് പടക്കം എടുത്തു നല്‍കി കൊണ്ടിരിക്കുകയായിരുന്നു സൈമണ്‍.
തീപിടിച്ചതോടെ അപകടം ഒഴിവാക്കാന്‍ സൈമണ്‍ പടക്കം സൂക്ഷിച്ചിരുന്ന മുറിയില്‍ കയറി വാതിലടച്ചു. എന്നാല്‍ വാതിലിന്റെ അടിയിലൂടെ തീ മുറിയിലേക്ക് പ്രവേശിച്ച് പടക്കശേഖരത്തിലേക്കും പടരുകയായിരുന്നു.
തുടര്‍ന്ന് വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. ഉടന്‍ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സൈമണ്‍ മരിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വേഗം തീയണച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. കറുകുറ്റിയിലെ ചുമട്ടുതൊഴിലാളിയാണ് സൈമണ്‍. മാതാവ് മോളി. സഹോദരി: മോന്‍സി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."