വെള്ളമുണ്ട എ.യു.പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം
മാനന്തവാടി: ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വെള്ളമുണ്ട എ.യു.പി സ്‌കൂള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാനേജരെ പുറത്താക്കി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ അധ്യയന വര്‍ഷങ്ങളിലും വിവിധ കാരണങ്ങള്‍ ഉന്നയിച്ച് സ്‌കൂള്‍ മാനേജര്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളെടുക്കുകയാണ്.സ്‌കൂളിന്റെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അധ്യാപകരും പി.ടി.എയും ചേര്‍ന്ന് സംഘടിപ്പിച്ച ഇംഗ്ലീഷ് തിയറ്റര്‍ ക്യാംപില്‍ രണ്ട് വിദേശികളെ പങ്കെടുപ്പിച്ചെന്നാരോപിച്ച് പ്രധാനാധ്യാപികയെ മാനേജര്‍ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
മുന്‍ വര്‍ഷം ഇതേകാലയളവില്‍ സ്ഥാനമൊഴിഞ്ഞ പ്രധാനാധ്യാപികക്ക് പകരം സീനിയോരിറ്റി മറികടന്ന് മറ്റൊരാള്‍ക്ക് ചുമതല കൈമാറാത്തതിന്റെ പേരില്‍ സ്‌കൂളിന്റെ താക്കോല്‍ നല്‍കാതെയായിരുന്നു മാനേജരുടെ നടപടി.
ഇത്തരത്തില്‍ നിരന്തരം അധ്യാപകരെയും വിദ്യാര്‍ഥികളെയും നാട്ടുകാരെയും മനോവീര്യം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് മാനേജര്‍ നടത്തുന്നത്. മാനേജരെ അയോഗ്യനാക്കി എ.ഇ.ഒക്ക് ചുമതല നല്‍കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ ഇപ്പോഴും കോടതിയില്‍ കേസ് നടക്കുകയാണ്.
300 ഓളം ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഭൗതിക സാഹചര്യം വിപുലപ്പെടുത്തുന്നതില്‍ മാനേജര്‍ തികഞ്ഞ പരാജയമാണ്. ആവശ്യത്തിന് മൂത്രപ്പുരകളോ കെട്ടിടങ്ങളോ പാചകപ്പുരയോ സ്‌കൂളിനില്ല.ഇവയൊരുക്കുന്നതിന് മാനേജര്‍ തയാറാവുന്നുമില്ല.ഈ സാഹചര്യത്തില്‍ പൂര്‍വവിദ്യാര്‍ഥികള്‍, സ്‌കൂള്‍ സംരക്ഷണ സമിതി, യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ രക്ഷിതാക്കള്‍ നാട്ടുകാര്‍ തുടങ്ങി മുഴുവന്‍പേരെയും അണിനിരത്തിക്കൊണ്ട് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികളും നിയമനടപടികളും കൈകൊള്ളാന്‍ പി.ടി.എ മുന്‍കൈയെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
രഞ്ജിത് മാനിയില്‍, ഇ.കെ സല്‍മത്, ഇ.കെ ഹമീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."