വനിതാ ഡോക്ടറെ എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി
കണ്ണൂര്‍: രോഗികളെ പരിശോധിക്കുകയായിരുന്ന വനിതാ ഡോക്ടറെ 'ചവിട്ടിക്കീറിക്കളയും' എന്നു പറഞ്ഞു പൊലിസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി പരാതി. കണ്ണൂര്‍ ടൗണ്‍ എസ്.ഐ എന്നു പരിചയപ്പെടുത്തിയ പൊലിസ് ഉദ്യോഗസ്ഥന്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടര്‍ കെ. പ്രതിഭയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
ഹര്‍ത്താല്‍ ദിവസം കണ്ണൂര്‍ നഗരത്തില്‍ പൊലിസുമായി ഏറ്റുമുട്ടിയ സമരക്കാരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്നപ്പോഴാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എസ്.ഐയ്‌ക്കെതിരേ ഐ.ജിക്കും ജില്ലാ പൊലിസ് മേധാവിക്കുമാണ് പരാതി നല്‍കിയത്. 16ന് അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തില്‍ ടൗണ്‍ പൊലിസ് സ്റ്റേഷനു മുന്‍പില്‍ പൊലിസുമായി ഏറ്റുമുട്ടിയ സമരക്കാരെ അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ പരുക്കേറ്റവരെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായാണു രാത്രി പത്തരയോടെ ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിച്ചത്.
പിടിയിലായവര്‍ പൊലിസ് മര്‍ദിച്ചതായി ഡോക്ടര്‍മാര്‍ക്കു മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിടിയിലായവര്‍ പറയുന്നതു ഡോക്ടര്‍മാര്‍ രേഖകളില്‍ എഴുതാന്‍ പാടില്ലെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
അങ്ങനെ എഴുതിക്കൊടുത്താല്‍ ചവിട്ടിക്കീറിക്കളയും എന്നു ഭീഷണിപ്പെടുത്തിയതായും എസ്.ഐ പറയുന്നപോലെ വ്യാജമായ കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.
എന്നാല്‍ എസ്.പി ഓഫിസില്‍ ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."