സ്ഥലം തിരിച്ചുവേണം; ചിത്രലേഖ സമരം തുടങ്ങി
കണ്ണൂര്‍: യു.ഡി.എഫ് സര്‍ക്കാര്‍ കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ അനുവദിച്ച അഞ്ചുസെന്റ് ഭൂമി എല്‍.ഡി.എഫ് സര്‍ക്കാര്‍ തിരിച്ചെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍മാണത്തിലിരിക്കുന്ന വീടിനു മുന്നില്‍ ചിത്രലേഖ കുടില്‍കെട്ടി സമരം തുടങ്ങി. പയ്യന്നൂരില്‍ സി.പി.എമ്മിനെതിരേ ഒറ്റയാള്‍ സമരത്തിലൂടെ ശ്രദ്ധേയയായ ചിത്രലേഖ ജന്മസ്ഥലമായ എടാട്ട് തൊഴിലെടുത്ത് ജീവിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് സെക്രട്ടേറിയറ്റിനു മുന്‍പില്‍ അടക്കം സമരം ചെയ്തിരുന്നു. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016ല്‍ പ്രത്യേക അധികാരം ഉപയോഗിച്ച് കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ അഞ്ചു സെന്റ് സ്ഥലം അനുവദിച്ചത്. വീടു നിര്‍മിക്കാനായി ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ ഈ ഫണ്ട് റദ്ദാക്കി. രണ്ടാഴ്ച മുന്‍പ് പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെ കാട്ടാമ്പള്ളിയില്‍ അഞ്ചുസെന്റ് ഭൂമി നല്‍കിയ ഉത്തരവും റദ്ദാക്കുകയായിരുന്നു.
ജന്മനാട്ടിലെ ഭൂമി ചിത്രലേഖയുടെ സ്വന്തം പേരിലാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്ഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഭൂമി റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കുന്നതുവരെ കുടില്‍കെട്ടി സമരം തുടരുമെന്നാണ് ചിത്രലേഖയുടെ നിലപാട്. പണിനടന്നു വരുന്ന വീടിനടുത്ത് ഷെഡ് കെട്ടി അതിലാണ് സമരം. കഴിഞ്ഞദിവസം തെരുവുനായയുടെ ജഡം വികൃതമാക്കി പണിതീരാത്ത വീടിനു മുന്നില്‍ കൊണ്ടിട്ട സംഭവവും ഉണ്ടായിരുന്നു. ചിത്രലേഖയുടെ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് യു.ഡി.എഫ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."