സഊദിക്ക് നേരെ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം
റിയാദ്: സഊദിയെ ലക്ഷ്യമാക്കി യമനിലെ വിമതര്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. തിങ്കളാഴ്ച രാത്രിയാണ് അതിര്‍ത്തി പ്രദേശമായ ജിസാന്‍ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ സഊദി റോയല്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് വച്ച് തന്നെ തകര്‍ത്തു. യമനിലെ അംറാന്‍ പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപണം നടന്നതെന്നും നിലം തൊടുന്നതിനു മുന്‍പ് തന്നെ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായെന്നും ആളപായമോ നാശ നഷ്ടങ്ങളോ ഉണ്ടായില്ലെന്നും അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. തെഹ്‌റാനില്‍ അറബ് ഉച്ചകോടി നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സഊദിക്ക് നേരെ വീണ്ടും ആക്രമണം നടത്തിയത്. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായി നാല് ദിവസം സഊദിക്ക് നേരെ ആക്രമണം നടന്നിരുന്നു.
ഇറാന്‍ നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് വീണ്ടും മിസൈല്‍ ആക്രമണം നടന്നതെന്ന് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു . ഇതിനകം 119 മിസൈലുകളാണ് ഇറാന്‍ പിന്തുണയോടെ യമന്‍ ഹൂതികള്‍ സഊദിക്ക് നേരെ അയച്ചത്. ഇപ്പോള്‍ ഡ്രോണ്‍ ആക്രമണവും ഹൂതികള്‍ തുടങ്ങിയിട്ടുണ്ട്. ദക്ഷിണ ഭാഗത്തു നേരത്തെ രണ്ടു ഡ്രോണുകള്‍ സഊദി വ്യോമ സേന വെടി വച്ചു വീഴ്ത്തിയിരുന്നു. ഹൂതികള്‍ കീഴടക്കിയ യമനിലെ സന്‍ആ എയര്‍പോര്‍ട്ടാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നും അല്‍ മാലികി വെളിപ്പെടുത്തി. ഹൂതികള്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ ഇറാന്‍ നിര്‍മിതമാണെന്ന് യമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."