ലോക പരിസ്ഥിതി ദിനം: 1,70,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 1,70,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനവും ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിക്കും.
ആലപ്പുഴ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ആധ്യക്ഷ്യം വഹിക്കും. 2015 ലെ വനമിത്ര പുരസ്കാരം ഫിറോസ് അഹമ്മദിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിക്കും. വനമിത്ര പുരസ്ക്കാര ജേതാവ് കെ.വി. ദയാല്‍ മുഖ്യപ്രഭാഷണം നടത്തും.
ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എ. മുഹമ്മദ് നൗഷാദ്, നഗരസഭാംഗം മനോജ് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്, മുന്‍ വൈല്‍ഡ് ലൈഫ് വാര്ഡന് എസ്. ശിവദാസ്, സെന്റ് ജോസഫ്സ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വി.റ്റി. സിജി, സെന്റ് ജോസഫ്സ് മാനേജര്‍ സിസ്റ്റര്‍ മാര്‍ഗരറ്റ് ടൈറ്റസ്, ജോജോ, അനില്‍ വെമ്പള്ളി എന്നിവര്‍ പ്രസംഗിക്കും.
മാന്നാര്‍: ലോകപരിസ്ഥിതി ദിനാചരണം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നടക്കും. ജേസിഐ മാന്നാര്‍ ചാപ്റ്ററിന്റെയും കുട്ടംപേരൂര്‍ സിയോന്‍പുരം സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പാരീഷ് ഹാളില്‍ നടക്കുന്ന ദിനാചരണം ഫാ.റ്റി.റ്റി തോമസ് ഉദ്ഘാടനം ചെയ്യും. ജേസിഐ പ്രസിഡന്റ് സതീശ് ശാന്തിനിവാസ് അധ്യക്ഷതവഹിക്കും. വേലൂര്‍ പരമേശ്വരന് നമ്പൂതിരി പരിസ്ഥിതി സന്ദേശം നല്‍കും. ജിജോ ജോണ്‍, ജിബി കെ ജോസ്, റെജി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. സൗജന്യമായി വൃക്ഷതൈകളുടെ വിതരണവും നടക്കും.
പരുമല റെഡ്സ്റ്റാര്‍ കലാസാംസ്ക്കാരിക വേദിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ ആചരിക്കും. രാവിലെ 11-ന് പരുമല സെന്റ് സോബാസ്റ്റ്യന്സ് കുരിശടിക്ക് സമീപം നടക്കുന്ന ചടങ്ങില്‍ മാന്നാര്‍ മീഡിയാ സെന്റര്‍ സെക്രട്ടറി ഡൊമിനിക് ജോസഫ് ദിനാചരണം ഉദ്ഘാടനം ചെയ്യും. സജന്‍കുമാര്‍ അധ്യക്ഷതവഹിക്കും. ജയ്സണ്‍ വി ജോണ്‍, ബിജു മാത്യു, അനൂപ് ഖാന് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വൃക്ഷതൈകളുടെ വിതരണവും റോഡ്വക്കത്തും പൊതുസ്ഥലങ്ങളിലും വൃക്ഷതൈകള്‍ നടും. തുടര്‍ന്ന് ഇതിന്റെ പരിപാലത്തിനു വേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."