മൂലയ്ക്കിരുത്താന്‍ ഖജനാവ് മുടിക്കണോ
ആദ്യംതന്നെ ഒരു കാര്യം വ്യക്തമാക്കട്ടെ, വി.എസ് അച്യുതാനന്ദനെ അവമതിക്കുകയോ അദ്ദേഹം ഇത്രയും പതിറ്റാണ്ടുകാലം പൊതുരംഗത്തു നല്‍കിയ സേവനങ്ങളുടെ മഹത്വം കുറച്ചുകാണിക്കുകയോ അല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. ഇക്കാലമത്രയും കേരളത്തിലെ രാഷ്ട്രീയമേഖലയില്‍ തിളക്കമാര്‍ന്ന വ്യക്തിത്വം കാഴ്ചവച്ച അപൂര്‍വം നേതാക്കളിലൊരാളാണ് വി.എസ് മുഖ്യമന്ത്രിയെന്ന നിലയിലും പ്രതിപക്ഷനേതാവെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സമ്മതിക്കുന്നു. സ്വന്തംപാര്‍ട്ടിക്ക് അതീതമായി ജനപ്രിയനാകാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
എങ്കിലും ഒരു കാര്യം ചോദിക്കട്ടെ, 93 കഴിഞ്ഞ വി.എസ് അച്യുതാന്ദനെ കാബിനറ്റ് റാങ്കോടു കൂടിയ കസേര നല്‍കി തൃപ്തിപ്പെടുത്താന്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കേണ്ടതുണ്ടോ വി.എസിനെപ്പോലൊരു ഉപദേശിയില്ലാതെ നിലനില്‍ക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കഴിയില്ലെന്നു തുറന്നുസമ്മതിക്കുകയാണോ സി.പി.എം. അങ്ങനെയെങ്കില്‍ വി.എസിനെത്തന്നെ മുഖ്യമന്ത്രിയാക്കാമായിരുന്നില്ലേ...
ഓരോ കമ്മ്യൂണിസ്റ്റും അടിസ്ഥാനപരമായി ഉള്‍ക്കൊള്ളേണ്ട ഒരു പാഠമുണ്ട്. വര്‍ഗസമരസിദ്ധാന്തത്തില്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം അയാളുടെ ജീവിതം. കമ്മ്യൂണിസ്റ്റ് പാര്‍ലമെന്ററി വ്യാമോഹത്തിന് അടിപ്പെടാന്‍ പാടില്ല. നിലവിലുള്ള രാഷ്ട്രീയസാഹചര്യത്തില്‍ ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥ തള്ളിക്കളയാന്‍ കഴിയാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയിച്ചാല്‍ ഭരണാധികാരം കൈയാളാനും അയാള്‍ ബാധ്യസ്ഥനാണ്. എന്നാല്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിപ്പെടുന്നതാവരുത് ഒരു കമ്മ്യൂണിസ്റ്റിന്റെ മനസും പ്രവൃത്തിയും.
മാര്‍ക്‌സും ഏംഗല്‍സും വിഭാവനം ചെയ്ത തൊഴിലാളിവര്‍ഗസര്‍വാധിപത്യം എളുപ്പം യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിസ്റ്റുകള്‍ ബൂര്‍ഷ്വാ പാര്‍ലമെന്ററി സംവിധാനത്തെ അംഗീകരിക്കാതെ അംഗീകരിക്കുന്നത്. ഈ ന്യായത്തിന്റെ പേരിലാണ് 57 ലെ ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. പിന്നീട് കേരളത്തിലും ബംഗാളിലും ത്രിപുരയിലുമൊക്കെ അവര്‍ അധികാരത്തിലിരുന്നതും ഈ ന്യായത്തിന്റെ പേരിലാണ്. അപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞുകൊണ്ടിരുന്നതും അങ്ങനെ പൊതുജനം വിശ്വസിച്ചതും അവര്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അതീതരാണെന്നാണ്.
ജ്യോതിബസു തുടര്‍ച്ചയായി അധികാരത്തിലിരുന്നപ്പോഴും അതു പാര്‍ലമെന്ററി വ്യാമോഹത്താലല്ല, പാര്‍ട്ടിയുടെ നിര്‍ബന്ധത്താലാണെന്നു പൊതുജനം വിശ്വസിച്ചു. ഇന്ദിരാഗാന്ധി തുടര്‍ച്ചയായി അധികാരത്തിലിരുന്നതുമായി അതിനെ താരതമ്യപ്പെടുത്താന്‍ നാം തയാറായില്ല. എന്നാല്‍, പ്രധാനമന്ത്രിക്കസേര തന്റെ ചുണ്ടിനും കപ്പിനുമിടയില്‍വച്ചു പാര്‍ട്ടി തട്ടിത്തെറിപ്പിച്ചതിനെ 'ഹിമാലയന്‍ വിഡ്ഢിത്ത'മെന്നു ബസു പറഞ്ഞപ്പോഴാണ് കമ്മ്യൂണിസ്റ്റുകള്‍ക്കിടയിലും അധികാരതാല്‍പ്പര്യമുണ്ടെന്നു കുറച്ചുപേരെങ്കിലും സംശയിക്കുന്നത്.
2006 ല്‍ കുറച്ചുപേരെ 'ആരോ' പന്തംകൊളുത്തിക്കൊടുത്ത് തെരുവിലിറക്കിവിട്ടതിന്റെ ബലത്തിലാണല്ലോ വി.എസ് മത്സരിക്കുന്നതും മുഖ്യമന്ത്രിയാകുന്നതും. വി.എസും പിണറായിയും അത്തവണ മത്സരിക്കേണ്ടെന്നു സി.പി.എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തീരുമാനിച്ചിരുന്നു. സംസ്ഥാനകമ്മിറ്റിയും സെക്രട്ടേരിയറ്റും അതിനുമുമ്പേ അങ്ങനെ തീരുമാനിച്ചിരുന്നു. എന്നിട്ടും പന്തംകൊളുത്തി പ്രകടനത്തിന്റെ സമ്മര്‍ദത്തില്‍ വി.എസിനെ മത്സരിപ്പിക്കാന്‍ സി.പി.എം നിര്‍ബന്ധിതമായി. വി.എസിന്റെ ജനകീയതയാണ് അതിലൂടെ തെളിഞ്ഞതെന്നു പലരും വാഴ്ത്തിയെങ്കിലും പാര്‍ലമെന്ററി വ്യാമോഹമല്ലേ അതെന്ന ചിന്ത പലരുടെയും മനസ്സില്‍ മിന്നിമറഞ്ഞിരുന്നു.
2011 ലും 2006 ന്റെ തനിയാവര്‍ത്തനമാണു നടന്നത്. സംസ്ഥാനസമിതി മുതല്‍ പി.ബിവരെ ഒരു തീരുമാനമെടുക്കുന്നു, പിന്നാലെ പന്തംകൊളുത്തിപ്പടയുണ്ടാകുന്നു. വീണ്ടും തീരുമാനം തിരുത്തല്‍, മത്സരിക്കല്‍. ഇത്തവണ മുഖ്യമന്ത്രിക്കസേരയില്ലെങ്കിലും പ്രതിപക്ഷനേതൃസ്ഥാനം. അപ്പോഴും കുറച്ചുപേരെങ്കിലും സംശയിച്ചു, ഇതു പാര്‍ലമെന്ററി വ്യാമോഹമല്ലേയെന്ന്.
2006 ലും 2011 ലും കിട്ടിയ തിരിച്ചടി ആവര്‍ത്തിക്കേണ്ടെന്നു വിചാരിച്ചാകണം 2016ല്‍ വി.എസിനെ പിടിച്ചുകെട്ടാന്‍ സംസ്ഥാനം മുതല്‍ കേന്ദ്രംവരെയുള്ള നേതാക്കളാരും തയാറായില്ല. 'പിണറായി മത്സരിക്കുന്നതുകൊണ്ട് ഞാന്‍ മത്സരിക്കില്ലെന്നു പറയില്ല' എന്ന വാചകം ആദ്യമേ പറഞ്ഞ് വി.എസ് നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. ആരെതിര്‍ത്താലും മത്സരിക്കുമെന്നു വി.എസ് സൂചനനല്‍കിയതോടെ എതിര്‍ക്കാന്‍ ആരുമുണ്ടായില്ല. എന്നുമാത്രമല്ല, വോട്ടു പെട്ടിയിലാകുംമുമ്പ് വി.എസിനെ പിണക്കിയാല്‍ ഭരണവും പാര്‍ട്ടിയുടെ നിലനില്‍പ്പും അവതാളത്തിലാകുമെന്നറിയാവുന്ന ജനറല്‍ സെക്രട്ടറി മുഖ്യമന്ത്രിസ്ഥാനം കൊതിപ്പിക്കുംമട്ടില്‍ ചില വാക്കുകള്‍ പറയാതെ പറയുകയും ചെയ്തു.
ഇടതുമുന്നണിയെ നയിച്ചതു താനാണെന്നും ജയിപ്പിച്ചതു താനാണെന്നും വിശ്വസിക്കുന്ന വി.എസ് മുഖ്യമന്ത്രിസ്ഥാനം കൊതിച്ചെങ്കില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍, അദ്ദേഹത്തെ ഇടത്തിരുത്തി പിണറായിയുടെ തലയില്‍ കിരീടമണിയിക്കുകയാണു ജനറല്‍ സെക്രട്ടറി ചെയ്തത്. കസേര കിട്ടാത്തതിന്റെ പേരില്‍ വി.എസ് പിണങ്ങി ശത്രുക്കള്‍ക്കു ആയുധവിതരണം നടത്താതിരിക്കാനാണത്രേ, കാബിനറ്റ് റാങ്കോടെ ഉപദേശീസ്ഥാനം വാഗ്ദാനം ചെയ്തത്. 'മുഖ്യമന്ത്രിക്കു താഴെയല്ലാത്ത' ആ സ്ഥാനം കിട്ടിയാല്‍ സി.പി.എമ്മിലെ പ്രശ്‌നം പരിഹരിക്കപ്പെടുമായിരിക്കാം. അത് അവരുടെ പാര്‍ട്ടിയുടെ പ്രശ്‌നം.
പക്ഷേ, നാട്ടുകാരുടെ പ്രശ്‌നം അതല്ലല്ലോ. അവരുടെ മനസില്‍ അടക്കിപ്പിടിക്കാന്‍ ശ്രമിച്ചിട്ടും തികട്ടിവരുന്ന ചില ചോദ്യങ്ങളുണ്ട്. നാട്ടുകാരുടെ ചെലവില്‍വേണോ പാര്‍ട്ടിയിലെ കസേരപ്രശ്‌നം പരിഹരിക്കല്‍ എന്നതാണ് അതിലൊരു ചോദ്യം. പിണറായിക്ക് അറിയാത്ത കാര്യങ്ങളില്‍ വി.എസ് വിദഗ്‌ദ്ധോപദേശം നല്‍കുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. കാബിനറ്റ് റാങ്കോടെത്തന്നെ ഉപദേശിക്കണമോ എന്നതിലാണു വിയോജിപ്പ്.
കാബിനറ്റ് റാങ്ക് എന്നത് മന്ത്രിക്കു തുല്യമായ പദവിയാണ്. സെക്രട്ടേറിയറ്റില്‍ ഔദ്യോഗിക ഓഫിസ്, കൊടിവച്ച കാറ്, ഔദ്യോഗികബംഗ്ലാവ്, പത്തിരുപത്തഞ്ചു പഴ്‌സണല്‍ സ്റ്റാഫ്, എവിടേയ്ക്കു സഞ്ചരിച്ചാലും യാത്രബത്തയും ദിനബത്തയും, സ്റ്റാഫിനും അര്‍ഹിക്കുന്ന ബത്തകള്‍. ആകെക്കൂടി ജീവിതം അഞ്ചുവര്‍ഷത്തേയ്ക്കു രാജകീയം. മാസത്തില്‍ ഏകദേശം 25 ലക്ഷം രൂപ മൊത്തം ചെലവുകണക്കാക്കിയാല്‍ വര്‍ഷത്തേയ്ക്കു മൂന്നുകോടി രൂപ. (ഈ തുകയില്‍ ഏറ്റക്കുറച്ചില്‍ കണ്ടേയ്ക്കാം. എത്രയായാലും കോടികള്‍ വരുമല്ലോ)
സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കാന്‍ ഇത്രയും തുക പാര്‍ട്ടി ഖജനാവില്‍നിന്നു ചെലവഴിക്കുന്നതിനോട് ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. പൊതുഖജനാവിന്റെ കാര്യം അങ്ങനെയല്ലല്ലോ. ആനപ്പുറത്തു കയറിയാല്‍ നിലത്തിറങ്ങാന്‍ തോന്നില്ല എന്നു പണ്ട് ആരോ പറഞ്ഞത് എത്ര സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."