മൂന്നാര്‍ ടൗണിലെ അനധികൃത പെട്ടിക്കടകള്‍ നീക്കിത്തുടങ്ങി
അടിമാലി: മൂന്നാറില്‍ അനധികൃതമായി സ്ഥാപിച്ച പെട്ടിക്കടകള്‍ വിവിധ വകുപ്പുകളുടെ സംയുക്ത നീക്കത്തില്‍ മാറ്റിത്തുടങ്ങി. പഞ്ചായത്ത്, പൊതുമരാമത്ത്, റവന്യൂ വകുപ്പുകള്‍ സംയുക്തമായാണ് നടപടി സ്വീകരിക്കുന്നത്.
ട്രാഫിക് അഡൈ്വസറി കമ്മറ്റിയുടെ തീരുമാനപ്രകാരം വന്‍ പൊലിസ് സന്നാഹത്തോടെയായിരുന്നു നീക്കം ചെയ്യല്‍. മുന്‍കൂറായി എല്ലാ കടക്കാര്‍ക്കും നോട്ടീസ് കൊടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ടൗണില്‍ ബസ് സ്റ്റാന്‍ഡിനു സമീപവും നല്ല തണ്ണി റോഡിലുമുണ്ടായിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള തട്ടുകടകള്‍ നീക്കം ചെയ്തിരുന്നു. ഇന്നലെ ലക്ഷംവീട് കോളനി റോഡില്‍ ഒഴിപ്പിക്കല്‍ തുടര്‍ന്നു.
പലരും കടകള്‍ ലോറി കളിലും മറ്റും കയറ്റി കൊണ്ടു പോകുകയായിരുന്നു. ചിലര്‍ പൊളിച്ചുമാറ്റി. നിരവധി വര്‍ഷങ്ങളായി കച്ചവടം നടത്തിയിരുന്നവരെ പുനരധിവസിപ്പിയ്ക്കാന്‍ ആലോചനയുണ്ട്. സമീപ കാലങ്ങളില്‍ ചിലപ്രാദേശിക രാഷ്ട്രീയക്കാരുടെ പിന്‍ബലത്തില്‍ വഴിയോരത്ത് പടുത വലിച്ചുകെട്ടി വ്യാപാരം തുടങ്ങുന്ന പ്രവണത ക്രമാതീതമായതാണ് നടപടിയ്ക്ക് ആക്കം കൂട്ടിയത്.
തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്നവര്‍ക്ക് പ്രതിദിനം 300 രൂപമുതല്‍ ഈടാക്കി ടെന്റുകള്‍ നല്‍കും. പഴയ മൂന്നാറില്‍ സി.എസ്.ഐ പള്ളിക്കു സമീപം നിരവധി കടകള്‍ വച്ചുകെട്ടിയിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തട്ടുകടകള്‍ നീക്കംചെയ്യേണ്ടി വന്നത് മൂലം പലരും പ്രതിസന്ധിയിലായിട്ടുണ്ട്. മെയ് - ജൂണ്‍ മാസത്തില്‍ നീലക്കുറിഞ്ഞി പൂക്കുന്നതോടെ വന്‍ തോതിലുള്ള ജനത്തിരക്ക് മുന്‍കൂട്ടി കണക്കിലെടുത്ത് ഗതാഗത സൗകര്യം സുഗമമാക്കുന്നതിനായാണ് നടപടി. മൂന്നാറില്‍ സീസണ്‍ സമയങ്ങളിലുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."