കണികാ പരീക്ഷണം: കേന്ദ്രത്തെ ആശങ്ക അറിയിക്കണം
തൊടുപുഴ : കേരള - തമിഴ്‌നാട് അതിര്‍ത്തിക്കരികെ തേനി, പൊട്ടിപ്പുറത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ കണികാ പരീക്ഷണശാലയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ കത്തിലൂടെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
ഈ മേഖലയില്‍ ഭൂഗര്‍ഭതുരങ്കം നിര്‍മ്മിക്കുന്നതും അതിനായി 1300 മീറ്റര്‍ ആഴത്തിലും 8 ലക്ഷം ചതുരശ്ര അടിയോളം പാറ പൊട്ടിക്കുന്നതും ഭൂകമ്പസാധ്യതയുള്ള പ്രദേശമായതിനാല്‍ അണക്കെട്ടുകളെ പോലും ബാധിച്ചേക്കാം. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ ആഘാതപഠനം നടത്തണം. മതികെട്ടാന്‍ചോല വരെ നീളുന്ന തുരങ്കത്തെപ്പറ്റി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര ഗവണ്‍മെന്റോ, തമിഴ്‌നാട് ഗവണ്‍മെന്റോ അറിയിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കണം.
കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിയ്ക്ക് അനുമതി നല്‍കിയത്. തേനിയിലെ സംരക്ഷിത വനമേഖലയായ ബോഡിവെസ്റ്റ് മലനിരകള്‍ കേരള അതിര്‍ത്തിയിലൂടെയാണ് കടന്നുപോകുന്നത്. മലനിരക്കുള്ളില്‍ രണ്ടരകിലോമീറ്റര്‍ വിസ്തൃതിയില്‍ പരീക്ഷണശാല നിര്‍മ്മിച്ചാല്‍ അത് കേരളത്തിലെ ഡാമുകളെ ഉള്‍പ്പെടെ ബാധിക്കുമെന്നും ഈ ആശങ്ക കേന്ദ്രത്തെ അടിയന്തിരമായി അറിയിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ഇത്രയും ആശങ്ക ജനിപ്പിക്കുന്ന പ്രശ്‌നത്തില്‍ ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജിന്റെ മൗനം അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഷയത്തിലിടപെട്ട് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."