സ്ഥലമെടുപ്പ്: കലക്ടറുടെ ഉത്തരവ് ദേശീയപാത അതോറിറ്റി തള്ളി
വടകര: ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ അഴിയൂര്‍, ഒഞ്ചിയം വില്ലേജുകളില്‍ വില നിര്‍ണയം സംബന്ധിച്ച് കലക്ടര്‍ ഇറക്കിയ ഉത്തരവിന് നിയമസാധുത ഇല്ലെന്ന് നാഷനല്‍ ഹൈവെ അതോറിറ്റി.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം രണ്ടിന് അഴിയൂര്‍ ഒഞ്ചിയം വില്ലേജില്‍ വില നിര്‍ണയം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. എല്ലാ ആനുകൂല്യങ്ങളും ചേര്‍ന്ന് ഉയര്‍ന്ന വില ലഭിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് നിയമ സാധുതയില്ലെന്നാണ് അതോറിറ്റി ഭൂവുടമകള്‍ക്ക് നല്‍കിയ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നത്.
അഴിയൂരില്‍ കമ്പോള വിലയും പുനരധിവാസവും മുന്‍കൂര്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടകമള്‍ സര്‍വെ നടപടികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കലക്ടര്‍ യു.വി ജോസും റവന്യു അധികൃതരും അഴിയൂരിലെത്തി നഷ്ടപ്പെടുന്ന ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ വില നിര്‍ണയിച്ചതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് ഉത്തരവായി ഇറക്കി. ഇക്കാര്യത്തില്‍ വ്യക്തത തേടി ഭൂവുടമകള്‍ അതോറിറ്റിക്ക് വിവരാവകാശം സമര്‍പ്പിച്ചതോടെയാണ് വില നിര്‍ണയം തള്ളിയ വിവരം പുറത്ത് വന്നത്.
ഇല്ലാത്ത വില നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഭൂവുടമകളെ വഞ്ചിക്കുന്ന നിലപാട് കലക്ടറുടെ പദവിക്ക് നിരക്കാത്തതാണെന്ന് കര്‍മസമിതി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ സി.വി ബാലഗോപാല്‍ അധ്യക്ഷനായി. എ.ടി മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ കുഞ്ഞിരാമന്‍, സലാം ഫര്‍ഹത്ത്, കെ.പി.എ വഹാബ്, അബു തിക്കോടി, കെ, കുഞ്ഞിരാമന്‍, പി.കെ നാണു, പി, സുരേഷ്, പി, പ്രകാശ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."