തൊഴിലാളികളുടെ പണിമുടക്ക് പിന്‍വലിച്ചു
കല്‍പ്പറ്റ: രണ്ടു മാസത്തെ ശമ്പളം കുടിശികയായതോടെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് അവസാനിപ്പിച്ചു.
കുടിശ്ശികയായ ഫെബ്രുവരി മാസത്തെ ശമ്പളം ഈമാസം 20ന് വിതരണം ചെയ്യാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതോടെയാണ് പണിമുടക്ക് അവസാനിപ്പിച്ചത്.
എസ്റ്റേറ്റിലെ പുല്‍പ്പാറ, പെരുന്തട്ട നമ്പര്‍ വണ്‍ ഡിവിഷനുകളിലെ തൊഴിലാളികളാണ് പണിമുടക്ക് അവസാനിപ്പിച്ച് ജോലിക്കിറങ്ങിയത്. എന്നാല്‍ നമ്പര്‍ ടു ഡിവിഷനില്‍ തൊഴിലാളികള്‍ ആരും ഇന്നലെ ജോലിക്കിറങ്ങിയില്ല.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളമാണ് കുടിശികയായിട്ടുള്ളത്. ഇതില്‍ മാര്‍ച്ച് മാസത്തെ ശമ്പളം എപ്പോള്‍ നല്‍കുമെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.
എസ്‌റ്റേറ്റ് ലോക്കൗട്ടിന്റെ വക്കിലാണെന്ന് പറഞ്ഞാണ് താല്‍ക്കാലികമായി സമരം അവസാനിപ്പിക്കാന്‍ തൊഴിലാളികളോട് ട്രേഡ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞത്.
എന്നാല്‍ തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ കെ. സുരേഷ് 2018 ജനുവരി 19ന് വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലെ ഒത്തു തീര്‍പ്പുവ്യവസ്ഥകള്‍ പാലിക്കാത്ത മാനേജ്‌മെന്റ് നിലപാടിനെതിരേ ഇതുവരെ തൊഴിലാളി സംഘടനകള്‍ പരസ്യപ്രസ്താവന പോലും നടത്താത്തതിനെതിരേ പ്രതിഷേധം ശക്തമാണ്. ബോണസ്, ഗ്രാറ്റുവിറ്റി, സെറ്റില്‍മെന്റ് എന്നിങ്ങനെ തൊഴിലാളികളുടെ ആനുകൂല്യങ്ങളൊന്നും ഇതുവരെ കമ്പനി വിതരണം ചെയ്തിട്ടില്ല.
തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് പി.എഫ് വിഹിതം പിടിച്ചെങ്കിലും ഇതും കമ്പനി അധികൃതര്‍ അടക്കാതെ കൈവശം വെക്കുകയായിരുന്നു.
എന്നിരിക്കെ, ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കാത്തത് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. മറ്റു മേഖലകളെ അപേക്ഷിച്ച് തോട്ടം മേഖലയിലാണ് ഏറ്റവും കുറഞ്ഞ കൂലിയുള്ളത്.
സ്ഥിരം തൊഴിലാളിക്ക് പ്രതിദിനം 327 രൂപയാണ് ലഭിക്കുന്നത്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും മക്കളുടെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകള്‍ ഉള്‍പെടെ വര്‍ധിച്ചതോടെ തോട്ടം തൊഴിലാളികളുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. അസംഘടിത മേഖലയില്‍ ഉള്‍പെടെ 500 രൂപയിലധികം പ്രതിദിനം കൂലി നല്‍കുമ്പോഴാണ്, മുഖ്യാധാര രാഷട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ശക്തമായ സ്വാധീനമുള്ള തോട്ടം മേഖലയില്‍ കടുത്ത അവഗണന തുടരുന്നത്.
മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തോട്ടം തൊഴിലാളികളെ പൂര്‍ണമായും അവഗണിക്കുകയാണെന്നും ഒരുമാസം ജോലി ചെയ്ത്, അതിന്റെ ശമ്പളം ലഭിക്കണമെങ്കില്‍ ദിവസങ്ങളോളം പണിമുടക്ക് നടത്തേണ്ട ഗതികേടാണ് നിലവിലുള്ളതെന്നും തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."