ആദിവാസി മേഖലയില്‍ സാമൂഹ്യസാക്ഷരതയ്ക്ക് തുടക്കം
കോഴിക്കോട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ കോളനികളില്‍ സാമൂഹ്യസാക്ഷരതാ വിദ്യാഭ്യാസ പദ്ധതി ആരംഭിക്കും. പട്ടികവര്‍ഗ വിഭാഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും പഠിതാക്കള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണവും ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു.
സമ്പൂര്‍ണ സാക്ഷരത നേടി 20 വര്‍ഷം പിന്നിട്ടിട്ടും ആദിവാസി മേഖലയില്‍ സാക്ഷരത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പദ്ധതിക്കു രൂപം നല്‍കിയത്. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ ജില്ലാ സാക്ഷരത സമിതി മെംബര്‍ പ്രൊഫ. കെ. ശ്രീധരന്‍ അധ്യക്ഷനായി. പാഠപുസ്തകങ്ങള്‍ കോടഞ്ചേരി പഞ്ചായത്ത്് പ്രേരക് സജി കുമാര്‍, മേരി എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് ഏറ്റുവാങ്ങി.
സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.ഡി വത്സല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി ഫിലിപ്പ് , എ.കെ ബാലന്‍ മാസ്റ്റര്‍, പി.പി സിറാജ് സംസാരിച്ചു. കോട്ടൂര്‍ പഞ്ചായത്ത് പ്രേരക് ഒ.എം ബാലന്‍ സാക്ഷരതാഗാനം ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."