വായ്പാ തട്ടിപ്പ്: ഭട്‌നാഗര്‍മാരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു
അഹമ്മദാബാദ്: വിവിധ ബാങ്കുകളില്‍ നിന്ന് 2654 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് ഉടമകളെ കോടതി ഏപ്രില്‍ 27 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.ചെയര്‍മാന്‍ സുരേഷ് ഭട്‌നാഗര്‍, മക്കളായ മാനേജിങ് ഡയരക്ടര്‍ അമിത് ഭട്‌നാഗര്‍, ജോയിന്റ് എം.ഡി സുമിത് ഭട്‌നാഗര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 14 ദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടത്.കഴിഞ്ഞ പത്ത് ദിവസമായി ഇവര്‍ ഒളിച്ചുകഴിയുകയാണെന്നും ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ച ശേഷം നിരവധി തവണ നോട്ടിസ് അയച്ചിട്ടും ഇവര്‍ ഹാജരായില്ലെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു.
ഗുജറാത്ത് പൊലിസിന്റെ യും ഭീകര വിരുദ്ധ വിഭാഗത്തിന്റെയും സി.ബി.ഐയുടെയും സംയുക്ത നീക്കത്തിനൊടുവിലാണ് ഉദയംപരത്തെ ഹോട്ടലില്‍ ഒളിച്ചുകഴിയുന്ന ഇവരെ അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ വര്‍മ എന്ന പേരാണ് ഇവര്‍ രേഖപ്പെടുത്തിയതെന്നും പിടികൂടുന്നതിന്റെ മുന്‍പ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.
തെറ്റായ വിവരം നല്‍കി 11 ബാങ്കുകളില്‍ നിന്നായി വായ്പാതട്ടിപ്പ് നടത്തിയതിനാണ് ഇവര്‍ക്കെതിരേ സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ ഏപ്രില്‍ പത്തിന് സി.ബി.ഐ കോടതി തള്ളി. തട്ടിപ്പ് കേസിലെ പ്രതികള്‍ പൊലിസിനെ വെട്ടിച്ച് രാജ്യം വിടാന്‍ ശ്രമിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് പിടികിട്ടാപ്പുള്ളികളായി ഇവരെ പ്രഖ്യാപിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ ഹരജി നല്‍കി. തൊട്ടടുത്ത ദിവസമായ ചൊവ്വാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ഭരണകൂടത്തിലെ ഉന്നതരുമായി ഭട്‌നാഗര്‍ കുടുംബത്തിന് ബന്ധമുണ്ട്. വൈദ്യുതി കേബിളുകളും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ഡയമണ്ട് കേബിള്‍. ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."