ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍: ജില്ലയില്‍ വന്‍ മുന്നേറ്റം
കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും പുതുക്കലും ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ റെക്കോഡ് വേഗത്തിലാണ് കാര്‍ഡ് പുതുക്കലും പുതിയ കാര്‍ഡ് വിതരണവും നടക്കുന്നതെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
നിലവില്‍ പ്രവര്‍ത്തനക്ഷമമായ കാര്‍ഡുള്ള 1,95,868 കുടുംബങ്ങള്‍ക്കും പുതുതായി അപേക്ഷ നല്‍കിയിരിക്കുന്ന 36540 കുടുംബങ്ങള്‍ക്കും 2016ല്‍ പുതുക്കാന്‍ സാധിക്കാത്ത 59179 കുടുംബങ്ങള്‍ക്കുമാണ്, പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ തലങ്ങളില്‍ കാര്‍ഡ് വിതരണം നടക്കുന്നത്. മാര്‍ച്ച് 8 നു ആരംഭിച്ച കാര്‍ഡ് വിതരണം കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ഇത്രയും കുടുംബങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ജില്ലയുടെ ആദ്യമാണെന്നും ലേബര്‍ ഓഫിസര്‍ പറഞ്ഞു.
നിലവില്‍ പ്രവര്‍ത്തനക്ഷമമായ കാര്‍ഡുളള 195868 കുടുംബങ്ങളില്‍ 181288 കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കി നല്‍കി. ആദ്യഘട്ടത്തില്‍ പുതുക്കല്‍ മാത്രം ആയിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കിയിരിക്കുന്ന 36540 കുടുംബങ്ങള്‍ക്കുള്ള പുതിയ കാര്‍ഡ് വിതരണം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ അര്‍ഹരായിട്ടുള്ള 291587 കുടുംബങ്ങളില്‍ 205071 കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും വിതരണവും പൂര്‍ത്തിയാക്കി. വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടന്ന പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കു പഞ്ചായത്ത് ഭരണസമിതി, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍ പിന്തുണ നല്‍കി. കാര്‍ഡ് എടുത്തിരിക്കുന്ന കുടുംബങ്ങളിലെ 5 അംഗങ്ങള്‍ക്ക് ആര്‍.എസ്.ബി.വൈ പദ്ധതി മുഖേന 30,000 രൂപയുടെ സൗജന്യ ചികിത്സ സഹായം ലഭിക്കും. കൂടാതെ കാന്‍സര്‍, കിഡ്‌നി, ട്രോമാ, ലിവര്‍ എന്നി ഗുരുതര രോഗങ്ങള്‍ക്കു 70,000 രൂപയുടെ അധിക ചികിത്സ കൂടി ചിസ് പ്ലസ് പദ്ധതി മുഖേന ലഭിക്കുന്നു. കൂടാതെ കുടുംബത്തിലെ 60 വയസിനു മുകളില്‍ പ്രായമുള്ള രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ക്ക് 30,000 രൂപയുടെ വീതം അധിക ചികിത്സ കൂടി ആര്‍.എസ്.ബി.വൈ വഴി ലഭിക്കുന്നു.
അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങളുടെയും കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിനും, അപേക്ഷനല്‍കിയിരിക്കുന്നവര്‍ക്ക് പുതിയ കാര്‍ഡ് എടുക്കുന്നതിനുമായി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രങ്ങളെ കുറിച്ചറിയുന്നതിന് കുടുംബശ്രീ, ആശ പ്രവര്‍ത്തകരെ സമീപിക്കാം.
2016 ല്‍ കാര്‍ഡ് എടുത്തതും എന്നാല്‍ 2017 ല്‍ പുതുക്കാന്‍ സാധിക്കാത്തതുമായ കുടുംബങ്ങള്‍ക്ക് അവരവരുടെ പഞ്ചായത്തില്‍ രണ്ടാംഘട്ടം ആരംഭിക്കുമ്പോള്‍, വിവരങ്ങള്‍ ലഭ്യമാകുന്ന പക്ഷം കാര്‍ഡുകള്‍ പുതുക്കി നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സഹായം എത്തിക്കുമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."