ദുരിതമനുഭവിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍
എരുമപ്പെട്ടി: എരുമപ്പെട്ടി കരിയന്നൂരില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അധികൃതരുടെ അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കടങ്ങോട്, എരുമപ്പെട്ടി, വേലൂര്‍ പഞ്ചായത്തുകളിലെ നിരവധി കോളനികളിലേക്ക് ശുദ്ധജല വിതരണം നടത്തുന്ന കടങ്ങോട് കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയിരിക്കുന്നത്.വടക്കാഞ്ചേരി കുന്നംകുളം റോഡിലെ കരിയന്നൂര്‍ സെന്ററിലാണ് കുടിവെള്ളം പാഴാകുന്നത്. കഴിഞ്ഞ കുറേ നാളുകളിലായി എരുമപ്പെട്ടി, കടങ്ങോട് മേഖലകളിലെ റോഡരുകില്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി തവണ അധികൃതരോട് പരാതിപ്പെടുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൈപ്പ് പൊട്ടി ദിവസങ്ങളോളം ജലം പാഴാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. റോഡിനോട് ചേര്‍ന്നുള്ള പൈപ്പുകള്‍ക്കാണ് കേടുപാടുകള്‍ അധികവും സംഭവിക്കുന്നത്. മഴക്കാലത്ത് പോലും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് പട്ടികജാതി കോളനികള്‍. വിവിധ കുടിവെള്ള പദ്ധതികളിലെ ജലവിതരണ പൈപ്പുകളെ ആശ്രയിച്ചാണ് ഇവര്‍ കഴിയുന്നത്.
അധികൃതരുടെ നിസംഗത മൂലം കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അധികഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ കടന്നു പോകുമ്പോഴാണ് റോഡിന്റെ വശങ്ങളിലുള്ള പൈപ്പുകള്‍ പൊട്ടുന്നതെന്നും ആരോപണമുണ്ട്. ജലസേചന വകുപ്പിന്റെ കീഴില്‍ റോഡിനോട് ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന കേടുവന്ന പൈപ്പുകളുടെ അറ്റകുറ്റപണി എത്രയും പെട്ടെന്ന് നടത്തി ജലവിതരണം പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."