പ്രാണവായു കിട്ടാതെ മനുഷ്യര്‍ ഓടിനടക്കുന്ന കാലം വിദൂരമല്ല: ജസ്റ്റിസ് ബി. കെമാല്‍പാഷ
ആലുവ: പ്രാണവായു കിട്ടാതെ മനുഷ്യര്‍ ഓടിനടക്കുന്ന കാലം വിദൂരമല്ലെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സംഘം സംഘടിപ്പിച്ച പൊതുസമ്മേളനം ആലുവയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയില്ലാതെ ജനം പരിസ്ഥിതിക്ക് നാശം വിതക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ പോയാല്‍ കൊച്ചിയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കേണ്ടി വരും. അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നതിനെക്കുറിച്ച് ആകുലപ്പെടുന്നത് കൊച്ചിക്കാരാണ്.
സമുദ്രനിരപ്പിനേക്കാള്‍ താണപ്രദേശം വെള്ളം പൊങ്ങി ഇല്ലാതാകും. അരുവികളും, തോടുകളും മാലിന്യം നിറച്ച് ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തന്‍ കാര്യം മാത്രം നോക്കുന്ന മനോഭാവത്തില്‍ നിന്ന് നമുക്ക് മാറാന്‍ കഴിയണം. പാര്‍ശ്വഫലങ്ങള്‍ എന്തെന്ന് തിരിച്ചറിയാതെയാണ് ബയോടെക്‌നോളജി പ്രാവര്‍ത്തികമാക്കുന്നത്. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതയ്‌ക്കെതിരെ പ്രതികരിക്കാന്‍ ഓരോ പൗരനും തയ്യാറാകണം. രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകേണ്ടതുണ്ടെന്നും ജസ്റ്റിസ് പറഞ്ഞു.
ആലുവ ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പരിസ്ഥിതി സംരക്ഷണ സംഘം പ്രസിഡന്റ് ഡോ. സി.എം. ജോയി അദ്ധ്യക്ഷനായി. പ്രശസ്ത പരിസ്ഥിതി അഭിഭാഷകന്‍ അഡ്വ. ഹനീഷ് വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. ഈ വര്‍ഷത്തെ ഭൂമിമിത്ര പുരസ്‌കാരം ചടങ്ങില്‍ ജസ്റ്റിസ് കമാല്‍ പാഷ സമ്മാനിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍ പാലക്കാട് സ്വദേശി എം. ശ്യാംകുമാര്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. 10001 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയിലും സമയം കണ്ടെത്തി കഴിഞ്ഞ 19 വര്‍ഷമായി വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്ന വ്യക്തിയാണ് ശ്യാംകുമാര്‍. സ്വന്തം വീട്ടുമുറ്റത്ത് പറവകള്‍ക്ക് കുടിക്കുന്നതിന് വെള്ളം കരുതി വയ്ക്കുന്ന പതിവും ശ്യാംകുമാറിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."