സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം: മെഡിക്കല്‍ കോളജ് ഡോക്ടര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി
ആര്‍പ്പൂക്കര: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഒന്നാം യൂനിറ്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം വ്യാപിച്ചിരിക്കുന്നത്. അധിക്ഷേപിക്കുന്നയാളെ കണ്ടുപിടിച്ച് ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍ ജില്ലാ പൊലിസ് മേധാവിക്കും പിന്നീടു സൈബര്‍ സെല്ലിനും പരാതി നല്‍കിയത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് മുമ്പുള്ള തിങ്കളാഴ്ച നടന്ന ഒരു സംഭവത്തെ തുടര്‍ന്നാണ് അധിക്ഷേപം തുടങ്ങിയതെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു. അന്ന് രാവിലെ ഓര്‍ത്തോ വിഭാഗം ഒ.പിയില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം രാവിലെ ഒന്‍പതോടെ 45 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഒ.പിയില്‍ ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു. ഇവര്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഒരാള്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്നുണ്ടായിരുന്നത്രേ.
പ്രവേശിച്ച ഉടന്‍ ഇവര്‍ രോഗികള്‍ക്കായുള്ള കസേരയില്‍ ഇരിക്കാതെ ഡോക്ടറുടെ തൊട്ടടുത്ത് ചെന്ന് ചെവിയില്‍ രോഗവിവരം പറഞ്ഞു. ഈ സമയം സ്ത്രീയോടു സീറ്റില്‍ ഇരിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇരിക്കാന്‍ തയാറാകാതെ രോഗവിവരം അവര്‍ ഡോക്ടറെ ധരിപ്പിച്ചു. കൈകാലുകള്‍ക്കുള്ള വേദന സംബന്ധിച്ചാണ് അവര്‍ ഡോക്ടറോട് സംസാരിച്ചത്. അതിനിടെ, ഡോക്ടറുടെ അടുത്തേക്ക് വന്ന ഈ സ്ത്രീയോട് കസേരയില്‍ ഇരിക്കാതെ തന്റെ തലയില്‍ കയറി ഇരിക്കുകയാണോ എന്നും ഡോക്ടര്‍ ചോദിച്ചു.
സ്ത്രീയോട് സംസാരിക്കുന്ന ഈ ഭാഗം മാത്രം ഉപയോഗിച്ചാണ് ഡോക്ടര്‍ക്കെതിരേ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം പ്രചരിപ്പിക്കുന്നത്. അതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനാ ഭാരവാഹികളും ആവശ്യപ്പെട്ടു.
ഓര്‍ഫനേജിലെ നിര്‍ദ്ധനായ ഡിഗ്രി വിദ്യാര്‍ഥിയുടെ തോളിനും കൈമുട്ടിനും ഇടയ്ക്കുള്ള ഭാഗത്തെ അസ്ഥിക്ക് അര്‍ബുദം ബാധിച്ചപ്പോള്‍ കൈ മുറിച്ചുമാറ്റാതെ ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് നേതൃത്വം നല്‍കിയ ഡോക്ടറിനെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ താറടിക്കാന്‍ ശ്രമിക്കുന്നത്. മുംബൈയില്‍ നിന്ന് സ്റ്റീല്‍ നിര്‍മ്മിതമായ അസ്ഥി കൊണ്ടുവന്നു ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ഡോക്ടര്‍ കഴിഞ്ഞ മാര്‍ച്ച് മാസം വരെയുള്ള ഒന്‍പതു മാസം കൊണ്ട് 1000 അസ്ഥിരോഗ ശസ്ത്രക്രിയകള്‍ നടത്തി.
കോട്ടയം മെഡിക്കല്‍ കോളജിനെ ചരിത്രനേട്ടത്തിലെത്തിക്കുകയും ചെയ്തയാളാണ് യാതൊരു അടിസ്ഥാനവുമില്ലാതെ അപമാനിതനാകുന്നത്. അസ്ഥിരോഗ വിഭാഗത്തിലെ മുഴുവന്‍ യൂനിറ്റിന്റേയും നോഡല്‍ ഓഫിസറുമാണ് ഇദ്ദേഹം.
ഇത്തരത്തില്‍ ഉയരുന്ന അധിക്ഷേപം ആത്മാര്‍ഥമായി ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഡോക്ടറെ അധിക്ഷേപിച്ച വ്യക്തിയെ കണ്ടെത്തി നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."