ലൈഫ് മിഷന്‍ പദ്ധതി: 82 ശതമാനം വീടുകള്‍ പൂര്‍ത്തീകരിച്ച് ജില്ല
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തില്‍ ജില്ല മികച്ച നേട്ടം കൊയ്തു. 82 ശതമാനം വീടുകളും പൂര്‍ത്തീകരിച്ചാണ് ജില്ല ഒന്നാമതെത്തിയത്. സംസ്ഥാനത്ത് ശരാശരി 43 ശതമാനം വീടുകളാണ് പൂര്‍ത്തിയായത്.
ജില്ലയില്‍ ആകെ പൂര്‍ത്തീകരിക്കാനുണ്ടായിരുന്ന 1081 വീടുകളില്‍ 882 വീടുകളും പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള 199 വീടുകള്‍ ഏപ്രില്‍ 30നകം തന്നെ പൂര്‍ത്തീകരിക്കുമെന്ന് ലൈഫ് പദ്ധതി ജില്ലാ കര്‍മ്മസമിതി അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ 553 വീടുകള്‍ പൂര്‍ത്തീകരിച്ചു. 647 വീടുകളായിരുന്നു പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകളുടെ പണി പൂര്‍ത്തിയാക്കിയത് ബ്ലോക്ക് പഞ്ചായത്തുകളാണെന്ന് ലൈഫ് ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ.ജി. തിലകന്‍ പറഞ്ഞു.
ബ്ലോക്ക്പഞ്ചായത്തുകള്‍ 256 വീടുകളില്‍ 233 എണ്ണം പൂര്‍ത്തീകരിച്ചപ്പോള്‍ ഗ്രാമ പഞ്ചായത്തുകള്‍ 235 വീടുകളില്‍ 205 ഉം മുനിസിപ്പാലിറ്റികള്‍ 89 വീടുകളില്‍ 68ഉം എണ്ണവും കോര്‍പ്പറേഷന്‍ 67 വീടുകളില്‍ 47 ഉം പൂര്‍ത്തിയായി. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ 211 ഉം പട്ടിക വര്‍ഗ്ഗ വകുപ്പിന് കീഴില്‍ 94 ഉം ഫിഷറീസ് വകുപ്പിന് കീഴില്‍ 23ളം മൈനോറ്റി വെല്‍ഫെയറിന്റെ കീഴില്‍ ഒരു വീടും പൂര്‍ത്തീകരിച്ചുവെന്ന് മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററായ ഏണസ്റ്റ് സി. തോമസ് പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നില്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ദൗത്യമാണ് ലൈഫ് പദ്ധതി. നഗരപരിധിയില്‍ താമസിക്കുന്ന ഭൂരഹിതര്‍ക്കായി ഭൂമി കണ്ടെത്താന്‍ പ്രയാസമാണെന്നതിനാല്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പണി കഴിപ്പിക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ഏണസ്റ്റ് സി തോമസ് പറഞ്ഞു. ഭൂരഹിതര്‍ക്കായി ജില്ലയില്‍ 13 ഇടങ്ങളിലായി 32 ഏക്കറോളം ഭൂമി കണ്ടെത്തിയിട്ടുണ്ട്. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയില്‍ പെടുന്ന ഭൂമി ഇതിനായി ഏറ്റെടുത്തു. മറ്റു സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ മിച്ചഭൂമി കണ്ടെടുക്കുന്നതിനുള്ള നടപടികള്‍ തുടരുന്നുവെന്നും ഏണസ്റ്റ് സി തോമസ് പറഞ്ഞു.
ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍ , ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍, വാസയോഗ്യമല്ലാത്ത ഭവനമുള്ളവര്‍ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. രണ്ട് മുറി, അടുക്കള, ഹാള്‍, ശൗചാലയം എന്നിവ ഉള്‍പ്പെടെ 400 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീടുകള്‍ നിര്‍മിക്കുക. വിവിധ വകുപ്പുകളുടെ ഭവന പദ്ധതികളില്‍ ഇതുവരെ അനുവദിച്ചിരുന്ന വീട് നിര്‍മാണതുക 3 ലക്ഷം രൂപ വരെ ആയിരുന്നു. ലൈഫ് മിഷന്‍ പദ്ധതി വിവിധ ഭവനപദ്ധതികളെ സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്. നാല് ലക്ഷം രൂപ വരെ ഭവനനിര്‍മാണത്തിന് നല്‍കും. പട്ടികവര്‍ഗ വിഭാഗത്തിലുള്ള ഭവനരഹിതര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയാല്‍ സങ്കേതങ്ങളില്‍ ആറ് ലക്ഷം രൂപ വരെയുള്ള ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."