ഒന്നര വര്‍ഷത്തിനിടെ രണ്ടാമത്തെ മൃതദേഹം; വിജനപ്രദേശം ദുരൂഹതയാകുന്നു
കോവളം: കാണാതായ വിദേശ വനിതയെത്തേടി പൊലിസ് നാടു മുഴുവനും അലഞ്ഞെങ്കിലും ഇവര്‍ അന്വേഷകരുടെ തെട്ടടുത്തുണ്ടായിരുന്ന കാര്യം ആരുമറിഞ്ഞില്ല.
ഏറെ ഒറ്റപ്പെട്ടതും ദുരൂഹത നിറഞ്ഞതുമായ കൂനംതുരുത്തിലെ വിജനപ്രദേശത്ത് ലിഗ ഉണ്ടായിരുന്നെങ്കിലും ചുറ്റുവട്ടങ്ങള്‍ അരിച്ച് പെറുക്കിയ അന്വേഷകര്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഈ സ്ഥലം മാത്രം അവഗണിച്ചു. കോവളം ബൈപാസിന് വിളിപ്പാടകലെ കാടുമൂടിക്കിടക്കുന്ന സ്ഥലമാണിത്. പകല്‍ പോലും കടന്നു ചെല്ലാന്‍ മടിക്കുന്ന പ്രദേശമാണ് ഇവിടമെന്ന് നാട്ടുകാര്‍ പറയുന്നു.
മൂന്ന് കിലോമീറ്ററോളം ദൂരം കാടുകയറിയ വിജന സ്ഥലം നാട്ടുകാര്‍ക്കും പേടി സ്വപ്നമാണ്. പ്രദേശത്തെ വസ്തുക്കളുടെ ഉടമസ്ഥരില്‍ പലരും മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ആരും തിരിഞ്ഞു നോക്കാറുമില്ല. യുവതിയുടെ മൃതദേഹം കാണപ്പെട്ട സ്ഥലം പ്രദേശത്തെ ഒരു കുടുംബം സമുദായ സംഘടനക്ക് ദാനം നല്‍കിയ ഭൂമിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇവിടങ്ങളില്‍ കാവലിന് ഏര്‍പ്പെടുത്തിയവര്‍ രണ്ട് മാസത്തിലൊരിക്കലെത്തി തേങ്ങ വെട്ടി മടങ്ങുന്നതാണ് ആകെയുള്ള ആള്‍പ്പെരുമാറ്റം. ഇത്രയും നിഗൂഢമായ മേഖലയില്‍ വിദേശ യുവതി എങ്ങനെയെത്തിയെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. സ്ഥലപരിചയമുള്ള ആരുടെയെങ്കിലും സഹായമില്ലാതെ കാട്കയറിയ പ്രദേശത്ത് ഇവര്‍ക്ക് എത്താന്‍ കഴിയില്ല താനും.
കുറച്ച് ദിവസങ്ങളായി പുറത്തു നിന്നുള്ള ആരും ഇങ്ങോട്ട് വരുന്നില്ലെന്നത് സംശയത്തിനിട നല്‍കുന്നതായി സമീപവാസികള്‍ പൊലിസിന് മൊഴി നല്‍കിയതായാണ് സൂചന.
ഈ പ്രദേശത്ത് ഒന്നര വര്‍ഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ ദുരുഹ മരണമാണിത്. സമീപവാസിയായ അശോകന്‍ എന്നയാളിനെ കാണാതായി രണ്ട് മാസങ്ങള്‍ക്ക് ശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ഇയാളെ തിരിച്ചറിഞ്ഞതും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ട് മാത്രമായിരുന്നു. തൂങ്ങി നിന്ന പ്ലാസ്റ്റിക് ചരടില്‍ ആകെയുണ്ടായിരുന്നത് തലയോട്ടി മാത്രം. അന്ന് അശോകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതി അന്വേഷിക്കാന്‍ പോലും ആരും തയാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.
വീണ്ടും സമാന അവസ്ഥയില്‍ മറ്റൊരു മൃതദേഹം കൂടെ കണ്ടെത്തിയത് പ്രദേശവാസികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.കരമനയാറാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇവിടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ത്രീകള്‍ തൊണ്ടുതല്ലിയിരുന്ന പ്രദേശമായിരുന്നു. തൊണ്ടുതല്ലല്‍ നിര്‍ത്തിയതോടെ ഇവിടം കാടുമൂടാന്‍ തുടങ്ങി. പുറത്ത് നിന്നെത്തുന്ന ചിലര്‍ ഈ ഭാഗത്തെ ആറില്‍ ചൂണ്ടയിടാനെത്തുന്നതൊഴിച്ചാല്‍ നാട്ടുകാര്‍ കടന്നു ചെല്ലാത്ത ഈ പ്രദേശത്തേക്ക് വിദേശവനിത എങ്ങനെ എത്തി എന്നതാണ് പൊലിസിനെയും നാട്ടുകാരെയും കുഴക്കുന്നത്.
സാധാരണ കോവളത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ വാഴമുട്ടത്തു നിന്ന് പനത്തുറയിലേക്ക് പോകുന്ന കടവില്‍ എത്തി തൊണ്ടുതല്ലല്‍ കണ്ടു മടങ്ങാറുണ്ടെന്ന് സ്ത്രീകള്‍ പറയുന്നു. പക്ഷേ അവര്‍ വാഹനങ്ങളിലാണ് ഇവിടെ എത്താറുള്ളതെന്നും വിദേശ വിനോദ സഞ്ചാരികള്‍ കാല്‍ നടയായി വരുന്നത് കണ്ടിട്ടില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."