ഹര്‍ത്താലിന്റെ മറവില്‍ കലാപശ്രമം: ഉന്നതരുടെ പങ്കിനെക്കുറിച്ച് സമഗ്രാന്വേഷണം വേണം: മുസ്‌ലിംലീഗ്
മലപ്പുറം: വാട്‌സ്ആപ് ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറത്ത് കലാപമുണ്ടാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും നടത്തിയ ഗൂഢാലോചനയും ഉന്നതര്‍ക്ക് ഇതിലുള്ള പങ്ക് സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ ഉന്നതരായ രണ്ടു നേതാക്കള്‍ മലപ്പുറത്ത് വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസ്താവന നടത്തുകയും മലപ്പുറത്ത് പട്ടാളക്യാംപ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയത് ഗൗരവമായി കാണണം. കലാപം നടത്താനുദ്ദേശിച്ച് നടത്തിയ ഗൂഢാലോചനയുടെ തുടര്‍ക്കഥയാണിത്. മഞ്ചേരിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ പിടിയിലായത് മലപ്പുറത്തുകാരല്ലാത്ത ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്. ഇവരെ ഇതിന് നിയോഗിച്ചത് ആരെല്ലാമാണെന്ന് കണ്ടെത്തണം. ജില്ലയുടെ മറ്റിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ പിടിയിലായ പ്രതികളുടെ കൂട്ടാളികള്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് കണ്ടെത്തി ഇവരെയും പിടികൂടണം.
സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വ്യാപക പ്രചാരണം നടത്തി അരാഷ്ട്രീയ സമരത്തിന് നേതൃത്വം കൊടുക്കുകയും ഇതിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയുമാണ് ആര്‍.എസ്.എസും ബി.ജെ.പിയും ലക്ഷ്യമിട്ടത്. തീരദേശ മേഖലയില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവരുടെയും കടകള്‍ അക്രമത്തിനിരയായിട്ടുണ്ട്. മലപ്പുറത്ത് ഹിന്ദുക്കളുടെ കടകള്‍ മാത്രം ആക്രമിക്കപ്പെട്ടുവെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവന ദുരുദ്ദേശ്യത്തോടെയുള്ളതാണ്. ആസൂത്രിതമായി ആക്രമങ്ങള്‍ നടത്തിയും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയും ജില്ലയെ സംഘര്‍ഷഭൂമിയാക്കാന്‍ ആര് ശ്രമിച്ചാലും അത് വിലപ്പോവില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."