മോടികൂട്ടല്‍ തകൃതി: പയ്യാമ്പലം ബീച്ച് രാജ്യാന്തര നിലവാരത്തിലേക്ക്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ജില്ലയിലെ പ്രധാന ബീച്ചുകളിലൊന്നായ പയ്യാമ്പലം രാജ്യാന്തര നിലവാരത്തിലേക്ക്. കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത ഇന്റര്‍ലോക്ക് ചെയ്തും അലങ്കാര വിളക്കുകളും റെയിന്‍ ഷെല്‍ട്ടറുകളും ബാംബു കഫേ, ബീച്ച് ജിം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് ബീച്ച് മുഖം മിനുക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബീച്ചിന്റെ രൂപം തന്നെ മാറ്റിമറിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായത്.
ഹാര്‍ബര്‍ എന്‍ജിനീയറിങ്, എഫ്.ആര്‍.ബി.എല്‍, വാസ്‌കോസ് എന്നീ ഏജന്‍സികളാണ് നിര്‍മാണം നടത്തുന്നത്. നിലവില്‍ ബീച്ചിലെ ഉല്ലാസ സവാരിക്കായുള്ള നടപ്പാതയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒരു കിലോമീറ്ററാണ് നടപ്പാതയുടെ നീളം. രണ്ട് മീറ്റര്‍ വീതിയില്‍ ഇന്റര്‍ലോക്ക് പാകിയ നടപ്പാതയോടനുബന്ധിച്ച് മൂന്ന് മീറ്റര്‍ താഴ്ചയില്‍ ബീച്ച് ഭാഗത്തേക്ക് സ്ലോപ്പും നിര്‍മിക്കുന്നുണ്ട്.
വാഹന പാര്‍ക്കിങ്ങിനുള്ള ഏരിയക്ക് പുറമെ ബീച്ചില്‍ കഫ്റ്റീരിയയും നിര്‍മിക്കും.
3.5 കോടി രൂപ ചെലവിട്ടുള്ള വികസനത്തിനു മേല്‍നോട്ടം വഹിക്കുന്നത് ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമാണ് (ഡി.ടി.പി.സി). നടപ്പാതക്കൊപ്പം ഇരിപ്പിടങ്ങള്‍, സ്റ്റെപ്പുകള്‍, റെയിന്‍ ഷെല്‍ട്ടര്‍, കിയോസ്‌ക്, വൈദ്യുത വിളക്കുകള്‍, ബാംബു കഫെ, ബീച്ച് ജിം എന്നിവയും ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തിയാകുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിതീഷ് അറിയിച്ചു.
നൂറുമീറ്റര്‍ ഇടവിട്ട് സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇത്തരത്തിലുള്ള 11 വിശ്രമകേന്ദ്രങ്ങളാണ് ഒരുക്കുക. എഴുപത് സൗരോര്‍ജ വിളക്കുകള്‍, ശൗചാലയം തുടങ്ങിയവയുമുണ്ടാകും. പയ്യാമ്പലത്ത് ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തിച്ചേരുന്നത്.
രാവിലെയും വൈകുന്നേരവും തീരത്തെ റോഡില്‍ നടക്കാനെത്തുന്നവരും ഏറെയാണ്. ഇവരെക്കൂടി മുന്നില്‍ക്കണ്ടാണ് നടപ്പാത ഒരുക്കുന്നത്. പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് നടപ്പാതയുടെ നിര്‍മാണം നടത്തുന്നത്. നടപ്പാത വരുന്നതോടെ കടല്‍ക്കാഴ്ചകളാസ്വദിച്ച് നടക്കാനെത്തുന്നവര്‍ക്ക് ഏറെ ഉപയോഗപ്രദമാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."